സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു; അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല : മഞ്ജു വാരിയര്‍

കൊച്ചി: നിയമവിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അന്ത്യത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവിതത്തിന്റെ പലമേഖകകളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് മഞ്ജുവാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയത്. മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണ്. അപമാനിക്കപ്പെട്ട് അല്ല അങ്ങനെ പറഞ്ഞാല്‍ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്കുക മാത്രം ചെയ്യാം. ഞാന്‍ നിങ്ങളിലൊരാളായിരുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങള്‍ പോലും ചിലപ്പോള്‍ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാല്‍.

സമ്പൂര്‍ണസാക്ഷരതയിലും അറിവിലും സംസ്‌കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല. ജിഷ അവളിപ്പോള്‍ കേരളത്തിന് നിര്‍ഭയയേക്കാള്‍ വലിയ ചോദ്യ ചിഹ്നമാണ്. കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളില്‍ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാള്‍ തീവ്രതയുണ്ട്. പ്രതിഷേധങ്ങള്‍ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു. എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാന്‍ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ, പെങ്ങള്‍ എന്ന പതിവ് ചോദ്യത്തിലേക്ക് പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ ഒരു സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല

Top