വിപ്ലവ നക്ഷത്രം ഇനി ഓർമ്മ:  കെ. ആർ ഗൗരിയമ്മ അന്തരിച്ചു ; വിട വാങ്ങിയത് കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ. ആർ ഗൗരിയമ്മ(101) അന്തരിച്ചു. കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം സംഭവിച്ചത്.

ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ അംഗമായിരുന്നു ഗൗരിയമ്മ. ആദ്യ മന്ത്രിസഭയിൽ റവന്യുമനത്രിയായിരുന്നു ഗൗരിയമ്മ. കേരളത്തിന്റ ഭാവി ഗതിയെ നിർണ്ണയിച്ച ഭൂപരിഷ്കരണം നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മ ആയിരുന്നു.

ചേർത്തലയിൽ നിന്ന് ജയിച്ച് തുടങ്ങിയ ഗൗരിയമ്മ പിന്നീട് അരൂരിന്റെ മേൽവിലാസമായി ഒരുതവണ ഒഴികെ 2011 വരെ അരൂരിന്റെ സ്ഥിരം പ്രതിനിധി ആയിരുന്നു. അഞ്ച് തവണ മന്ത്രി. ഇടതുമുന്നണി സർക്കാരിലും പിന്നീട് ഐക്യമുന്നണി സർക്കാരിലും മന്ത്രിയായി.

കേരം തിങ്ങും കേരള നാട്ടിൽ കേരളനാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടും എന്നത് മുദ്രാവാക്യം മാത്രമായി ഒതുങ്ങിയപ്പോൾ ഭരിച്ചത് ഇ.കെ നായനാർ. കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണി ച്ചി രുന്നെങ്കിലും  അവരെ സിപിഎം മുഖ്യമന്ത്രിയാക്കിയില്ല.

ഇഎംഎസ്സുമായുള്ള ഭിന്നതയ്ക്കൊടുവിൽ 1994 ലിൽ അവർ സിപിഎമ്മിന് പുറത്തായി. ആ ചങ്കൂറ്റം അവരുടെ രാഷ്ട്രീയം പിന്നെയും മുന്നോട്ടുകൊണ്ടുപോയി. ജെഎസ്എസ് രൂപവത്കരിച്ച് യുഡിഎഫിന്റെ ഭാഗമായി ആന്റണിയുടേയും ഉമ്മൻ ചാണ്ടിയുടേയും മന്ത്രിസഭയിൽ അംഗമായി.

1952-53, 1954-56 വർഷങ്ങളിൽ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ കേരള നിയമസഭകളിലും അംഗമായിരുന്നു. (അഞ്ചാം നിയമസഭ ഒഴികെ).1957,1967,1980,1987 വർഷങ്ങളിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളിലും 2001ലെ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിലും അംഗമായിരുന്നു.

1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2011ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ചേർത്തലയ്ക്ക് അടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിലാണ് ഗൗരിയമ്മയുടെ ജനനം. കളത്തിപ്പറമ്പിൽ കെ.എ രാമന്റെയും പാർവ്വതിയമ്മയുടെയും മകളായി 1919 ജൂലൈ 14നാണ് കെ.ആർ ഗൗരിയുടെ ജനനം.

Top