തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ വലയുന്ന കേരളത്തില്‍ പണം ധൂര്‍ത്തടിക്കാനായി പിണറായി മന്ത്രിസഭ ഓരോ ദിവസവും പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ്. അതില്‍ എറ്റവും പുതിയതാണ് അനാവശ്യ പദവിയായ ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് സിപിഐക്കാരനെ നിയമിക്കാനുള്ള തീരുമാനം. ഒല്ലൂര്‍ എംഎല്‍എ കെ. രാജനെ ചീഫ് വിപ്പാക്കാന്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിക്കുകയും ചെയ്തു.
ജയരാജന്‍ രാജിവച്ചപ്പോള്‍ പകരം എംഎം മണി മന്ത്രിയായി. ജയരാജനെ വീണ്ടും മന്ത്രിയാക്കണമെങ്കില്‍ സിപിഎം മന്ത്രിമാരില്‍ ഒരാള്‍ ഒഴിഞ്ഞ് ജയരാജന്‍ തിരിച്ചുവരട്ടെ എന്ന നിലപാടായിരുന്നു സി.പി.ഐക്ക്. എന്നാല്‍ ഒരു മന്ത്രിസ്ഥാനം സിപിഎം അധികം നേടിയപ്പോള്‍ പകരമായി സിപിഐക്ക് നല്‍കിയത് ചീഫ് വിപ്പ് സ്ഥാനമായിരുന്നു.
പ്രളയ പശ്ചാത്തലത്തില്‍ അധികചിലവ് വരുമെന്നതിനാനാലാണ് സിപിഐ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. ആ തീരുമാനമാണ് ഒരു വര്‍ഷമാകുമ്പോള്‍ സിപിഐ തിരുത്തുന്നതും ഇപ്പോള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതും. നാല് മന്ത്രിമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇപ്പോള്‍ ചീഫ് വിപ്പ് അങ്ങനെ സിപിഐക്ക് ആറ് കാബിനറ്റ് പദവികളാകും ഇതോടെ.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാന്‍ പി.സി ജോര്‍ജിനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ ശക്തമായ വിമര്‍ശനം എല്‍ഡിഎഫ് ഉന്നയിച്ചിരുന്നു. അതില്‍ ഏറ്റവും വിമര്‍ശിച്ചത് സിപിഐ നേതാക്കളായിരുന്നു. ഒരു പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ചീഫ് വിപ്പ് പദവി സൃഷ്ടിച്ച് ധൂര്‍ത്തടിക്കുന്നുവെന്നായിരുന്നു അന്ന് ആരോപിച്ചത്.