കണ്ണൂർ :സംസ്ഥാന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ കെ സുധാകരൻ നിഷ്പ്രഭനായി മാറി. ഗ്രൂപ്പ് രാഷ്ട്രീയം ആളികത്തിച്ച് മുതലെടുക്കുന്ന സുധാകര ശൈലിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ടാണ് ഇത്തവണ കോൺഗ്രസ്സ് സീറ്റ് വിഭജനം നടത്തിയത്. സ്വന്തം തട്ടകമായ കണ്ണൂരിൽ പോലും കൂടെ നിൽക്കുന്ന ഒരാളെ പോലും സ്ഥാനാർത്ഥിയാക്കൻ സാധിക്കാതെ ഒറ്റപ്പെട്ടു പോയ ഒറ്റയാനായി മാറിയിരിക്കയാണ് സുധാകരൻ.
കൂടെ നിൽക്കുന്ന ആകെയുള്ള റജിൽ മാക്കുറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ ഉറച്ച സീറ്റിൽ മത്സരിപ്പിക്കുമെന്ന് വീറോടെ പറഞ്ഞ സുധാകരന് ലഭിച്ചത് കനത്ത അവഗണനയാണ്. അതു കൊണ്ട് തന്നെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ഏറെ നിരാശകനാണ് വർക്കിംഗ് പ്രസിഡന്റ് കൂടിയായ സുധാകരൻ. കോൺഗ്രസ്സ് MP മാരിൽ ഒരാളായ രാജ് മോഹൻ ഉണ്ണിത്താൻ സുധാകരനെ അങ്ങേയറ്റം താഴ്ത്തികെട്ടി ആക്ഷേപിച്ചത് കൂടി കൂട്ടി വായിക്കുമ്പോൾ മേൽത്തട്ടിലുള്ള പിടി പൂർണ്ണമായും നഷ്ടപ്പെട്ട പല്ലു കൊഴിഞ്ഞ വെറും കടലാസ് പുലിയായി സുധാകരൻ മാറി എന്നതാണ് വാസ്തവം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ Aഗ്രൂപ്പ് വിട്ട് സുധാകര ചേരിയിൽ ചേക്കേറിയ സതീശൻ പാച്ചേനി കെസി വേണുഗോപാൽ പക്ഷത്തേക്ക് കൂടുമാറികൊണ്ടാണ് കണ്ണൂരിൽ സീറ്റ് ഉറപ്പിച്ചത്. KPCC യുടെ നിർദ്ദേശങ്ങളടക്കം ഉണ്ടായിട്ടും മുൻകാലങ്ങളിൽ പാർട്ടിയുടെ തന്ത്രപ്രധാനപ്പെട്ട നിരവധി മീറ്റിംഗുകളിൽ നിന്ന് സുധാകര ഗ്രൂപ്പ് ഇറക്കിവിടാൻ നിരന്തരം ശ്രമിച്ച, ജില്ലയിൽ നിന്ന് പാടേ അവഗണിക്കപ്പെട്ട KPCC ജനറൽ സെക്രട്ടറിമാരിൽ പ്രധാനിയായ അഡ്വ: സജീവ് ജോസഫിന് Aഗ്രൂപ്പിന്റെ കൈവശമുള്ള ഇരിക്കൂർ സീറ്റ് നേടികൊടുത്തത് സുധാകരനെ ജില്ലയിൽ ഒതുക്കാൻ തന്നെയാണ് എന്നത് വ്യക്തം.
ഒരു കാലത്ത് കെ സുധാകരന്റെ വിശ്വസതനായ വി പി അബ്ദ്ദുൾ റഷീദ് തളിപ്പറമ്പിൽ മത്സരിക്കുന്നത് രമേശ് ചെന്നിത്തല അനുവദിച്ച സീറ്റിൽ നിന്നാണ്. സുധാകര ഗ്രൂപ്പ് പാളയത്തിലെ തമ്മിൽ തല്ല് കാരണം മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ സുധാകര ഗ്രൂപ്പിനോട് അബ്ദ്ദുൾ റഷീദ് മൊഴിചൊല്ലിയത് സ്ഥാനാർത്ഥിത്വത്തിനുള്ള അർഹതയ്ക്ക് കാരണമായി. റഷീദിന് ഒതുക്കാൻ സുധാകര ഗ്രൂപ്പ് വളർത്തി കൊണ്ടുവന്നതും കണ്ണൂർ ജില്ലയിൽ പോലും പരിപാടികൾക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതും വയനടിൽ നിന്നുള്ള ജഷീർ പള്ളിവയലിനെയാണ്. വയനാടിൽ നിന്ന് ജഷീറിന്റെ പേര് വരുത്താൻ സാമൂഹ്യ മാധ്യമങ്ങളിൽ ക്കൂടി സുധാകര ഗ്രൂപ്പ് ശ്രമിച്ചെങ്കിലും അത് ആരും ഗൗനിച്ചതേയില്ല.
കണ്ണൂരും വയനാടും മാത്രമല്ല മലബാറിൽ ഒരിടത്തും സുധാകരനോട് താല്പര്യം കാണിക്കുന്ന ആരേയും പരിഗണിച്ചില്ല എന്നത് സുധാകരന്റെ കോൺഗ്രസ്സിലെ രാഷ്ട്രീയ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ്. സുധാകരൻ ഇല്ലെങ്കിലും കോൺഗ്രസ്സിന് ഒരു മാറ്റവും ഉണ്ടാകില്ല എന്ന വരുംകാല കോൺഗ്രസ്സ് രാഷ്ട്രീയത്തിലേക്കുള്ള ദിശാസൂചികയാണ് ഇന്നത്തെ ഈ കോൺഗ്രസ്സ സ്ഥാനാർത്ഥി പരിഗണനകൾ.
മൈക്കിനു മുൻപിലുള്ള രാഷ്ട്രീയ നാടകം സംസ്ഥാന അഖിലേന്ത്യാ നേതൃത്വം തിരിച്ചറിഞ്ഞതും ഹൈക്കമാന്റിൽ കെസി വേണുഗോപാൽ ശക്തനായതും സാധാകരന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ദിവസം ചെല്ലുംന്തോറും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ വട്ടപൂജ്യമായി മാറുകയണ് കെ സുധാകരനെന്ന KPCC യുടെ വർക്കിംഗ് പ്രസിഡന്റ്.