കോഴിക്കോട്: മുസ്ലീം ലീഗ് മുന്നണി വിട്ടാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് യുഡിഎഫിന്റെ ഒരു പ്രധാന ഘടകമാണ്. എന്നാല്‍ മുസ്ലീം ലീഗ് ഇല്ലാതെ കോണ്‍ഗ്രസോ യുഡിഎഫോ ഇല്ലെന്ന് അതിനര്‍ത്ഥമില്ല. തങ്ങളോടൊപ്പം ചേരാന്‍ താല്‍പര്യമുള്ള മറ്റ് പാര്‍ട്ടികള്‍ ഉണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി യു ഡി എഫിന്റെ അഭിവാജ്യ ഘടകമായി നില്‍ക്കുന്ന കക്ഷിയാണ് മുസ്ലിം ലീഗ്. മലബാറില്‍ പല ജില്ലകളിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയ കണക്കുകള്‍ വെച്ച് നോക്കുകയാണെങ്കില്‍ യു ഡി എഫില്‍ കോണ്‍ഗ്രസിനേക്കാള്‍ പ്രബല കക്ഷി മുസ്ലീം ലീഗാണെന്ന് തന്നെ പറയും. ഇങ്ങനെയുള്ള ലീഗ് യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് പോകുമോയെന്ന ചർച്ചകള്‍ നേരത്തേയും പലഘട്ടത്തില്‍ ഉയർന്ന് വന്നിട്ടുണ്ട്, ഈ അടുത്തും അത്തരം ചർച്ചകള്‍ സജീവമാണ്. ഇതിനിടിയലാണ് ലീഗ് മുന്നണി മാറ്റം സംബന്ധിച്ച ശ്രദ്ധേയമായ അഭിപ്രായ പ്രകടനവുമായി കെ സുധാകരനും രംഗത്ത് എത്തിയിരിക്കുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ യു എം എല്ലി ലെ ഒരു വിഭാഗം എൽ ഡി എഫിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഐ യു എം എൽ എൽ ഡി എഫിൽ ചേരാൻ തീരുമാനിച്ചാൽ ആ സ്ഥലം ബി ജെ പി കൈവശപ്പെടുത്തുമെന്ന് കെ എം ഷാജി ദി ന്യൂ ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞിരുന്നു. ഐ യു എം എൽ ഇല്ലാതെ കോൺഗ്രസിന് കേരളത്തിൽ ഭാവിയില്ല എന്നാണോ?- എന്നായിരുന്നു സുധാകരനോടുള്ള അഭിമുഖത്തിലെ ചോദ്യം.
മുസ്ലീം ലീഗ് മുന്നണി വിട്ടാലും യു ഡി എഫിന് ഒന്നും സംഭവിക്കില്ലെന്ന തരത്തിലാണ് ഈ ചോദ്യത്തിന് കെ സുധാകരന്‍ മറുപടി പറയുന്നത്. ലീഗ് യു ഡി എഫിന്റെ പ്രധാന ഘടകമാണ്, എന്നാൽ ഐ യു എം എൽ ഇല്ലാതെ യു ഡി എഫോ കോൺഗ്രസോ ഇല്ലെന്ന് അതിനർത്ഥമില്ല. മുസ്ലിം ലീഗ് യു ഡി എഫ് വിടുകയാണെങ്കില്‍ ഞങ്ങളുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള മറ്റ് നിരവധിയാളുകള്‍ ഉണ്ടെന്നും കെ സുധാകരന്‍ മറുപടി നല്‍കുന്നു.
എൽ ഡി എഫിൽ സി പി ഐക്ക് മാത്രമല്ല അതൃപ്തി. ജോസ് കെ മാണിയുടെ പാർട്ടി പോലും ഇടതുമുന്നണിയുടെ ഭാഗമായതിൽ അസംതൃപ്തരാണ്. കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടപ്പോള്‍ ഞങ്ങള്‍ അമ്പരന്നു. കേരള കോൺഗ്രസ് യു ഡി എഫ് വിട്ടതിന് ഉത്തരവാദി കോൺഗ്രസാണ്. അക്കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പാർട്ടിക്കുള്ളിൽ ഞാൻ അത് പറഞ്ഞു, പിളർപ്പിന് കാരണക്കാരനോട് പോലും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയാണ് മുഴുവൻ പ്രശ്നങ്ങള്‍ക്കും കാരണമായത്. അത് തികച്ചും അപമാനകരമായിരുന്നുവെന്നും കെ സുധാകരന്‍ പറയുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ യു ഡി എഫിലേക്കുള്ള മടക്കം സംഭവിച്ച് കൂടായ്കയില്ലെന്ന് പറഞ്ഞ സുധാകരന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസിന്റെ വാള്‍ തൂങ്ങികിടയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ മൗനത്തിന് കാരണം എന്നായിരുന്നു എൽ ഡി എഫ് സർക്കാരിനെതിരെ സംസാരിക്കാൻ മടിച്ച് കുഞ്ഞാലിക്കുട്ടി നിശബ്ദനായത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് നല്‍കിയ മറുപടി. സി പി എം സെക്രട്ടറി എം വി ഗോവിന്ദനുമായി സൌഹൃദം ഉണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.
അദ്ദേഹം ഒരു ജെനുവിന്‍ വ്യക്തിയാണ്. ഗോവിന്ദൻ മാഷിന്റെ മകൻ എന്നെ അദ്ദേഹത്തിന്റെ വിവാഹത്തിന് ക്ഷണിച്ചു. ഞാൻ പങ്കെടുക്കില്ലെന്ന് പറഞ്ഞെങ്കിലും അദ്ദേഹം നിർബന്ധിച്ചു. അച്ഛൻ എന്ത് വിചാരിക്കും എന്ന് ഞാൻ ചോദിച്ചു. അച്ചന് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് അവന്റെ അച്ഛൻ എന്നെ വിളിക്കുന്നത് ഉറപ്പാക്കാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ മാഷ് എന്നെ വിളിച്ച് വിവാഹത്തിന് ക്ഷണിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആൺമക്കൾ എന്നെ കാണുമ്പോഴെല്ലാം ഓടിയെത്തുകയും അങ്കിള്‍ എന്ന് വിളിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതേ അഭിമുഖത്തില്‍ കെ സുധാകരന്‍ നടത്തിയ തെക്ക് വിരുദ്ധ പരാമർശം കെ സുധാകരന്‍ പിന്‍വലിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്. മലബാറില്‍ കേട്ട് പഴകിയ ഒരു കഥയാണ് ഞാന്‍ പറഞ്ഞത്. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം കുട്ടിച്ചേർത്തു.