കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ.സുധാകരന്‍ എംപി. താന്റെ പരാമര്‍ശനം കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചന ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു.അതേസമയം കെ. സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു . മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല.
ചെത്തുകാരന്‍ പരാമര്‍ശം വിവാദമാക്കേണ്ട സിപിഐഎം മൗനം പാലിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചതാണ് കെ.സുധാകരനെ ചൊടിപ്പിച്ചത്. ഷാനിമോള്‍ ഉസ്മാന്‍ അനവസരത്തിലാണ് വിമര്‍ശനം നടത്തിയതെന്നാണ് സുധാകരന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ താന്‍ കെപിസിസി അധ്യക്ഷന് കത്ത് എഴുതിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഒരു തൊഴില്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍ എന്താണ് അപമാനം. അതില്‍ എന്താണ് തെറ്റ്. തൊഴിലാളി വര്‍ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടയാള്‍ സംസ്ഥാനത്തിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി 18 കോടി ചെലവഴിച്ചു. ഇത് ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതാണോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. ഇക്കാര്യമാണ് താന്‍ ഉന്നയിച്ചതെന്നും കെ. സുധാകരന്‍ എംപി ഡല്‍ഹിയില്‍ പറഞ്ഞു.
സിപിഐഎം ആരോപിക്കാത്ത കാരണങ്ങള്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വരുന്നു. പരാമര്‍ശങ്ങളില്‍ ആരും തെറ്റ് ചൂണ്ടിക്കാണിച്ചില്ല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം സിപിഐഎം പ്രശ്‌നമാക്കേണ്ടിടത്ത് കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രശ്‌നം ഉന്നയിക്കുന്നത് എന്തിനാണ്. കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം. പിണറായി വിജയനെക്കുറിച്ച് നല്ലത് പറയേണ്ട കാലത്തൊക്കെ നല്ലത് പറഞ്ഞിട്ടുണ്ട്. വസ്തുത വസ്തുതയായി നില്‍ക്കണം. പരാമര്‍ശത്തില്‍ യാതൊരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര മാനസിക പ്രയാസമെന്ന് അറിയില്ല. പിണറായി വിജയനെക്കുറിച്ച് പറഞ്ഞതില്‍ ഒരു സിപിഐഎം നേതാവ് പോലം പ്രതികരിച്ചില്ല. പ്രതികരിക്കേണ്ട കാര്യം അതില്‍ ഇല്ലാ എന്ന് അവര്‍ക്ക് അറിയാം. കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് എന്താണ് ഇത്ര അസംതൃപ്തിയും മനപ്രയാസവും എന്ന് മനസിലാകുന്നില്ല. ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്. അന്നൊന്നും തോന്നാത്ത വികാരങ്ങളും വിചാരങ്ങളും ഷാനിമോള്‍ ഉസ്മാന് പിണറായി വിജയനെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്ത്പറ്റിയെന്നാണ് സംശയമെന്നും കെ. സുധാകരന്‍ പറഞ്ഞു. തനിക്ക് എതിരെയുള്ള ഗൂഢലോചനയുടെ ഭാഗമാണ് ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം എന്ന സുധാകരന്റെ നിലപാട് സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഫലനങ്ങള്‍ക്ക് കാരണമാകും.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു .കോൺഗ്രസ് നേതാക്കളോട് എനിക്ക് ബഹുമാനമാണുള്ളത്. എന്നാൽ ഇത്തരം പരാമർശങ്ങളോട് യോജിക്കാനാവില്ല. ഏത് തൊഴിലിനും അതിന്റേതായ മാഹാത്മ്യമുണ്ട്. തൊഴിലെടുക്കാതെ പണമുണ്ടാക്കുന്നതിനെയാണ് എതിർക്കേണ്ടത്. ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശം തെറ്റായിപ്പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് അദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയാണ്.” ഷാനിമോൾ പറഞ്ഞു.