കലാഭവന്‍ മണി അന്തരിച്ചു !…

നടന്‍ കലാഭവന്‍ മണി അന്തരിച്ചു !… 

കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ കൊച്ചി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  രണ്ടു ദിവസം മുമ്പായിരുന്നു കലാഭവന്‍ മണി(45)യെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.കരള്‍രോഗ ബാധയെ തുടര്‍ന്ന്‌ ഏതാനും നാളായി ചികിത്സയിലായിരുന്നെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം പുറത്ത്‌ വന്നിരുന്നില്ല. രോഗം മൂര്‍ച്‌ഛിച്ച്‌ ചാലക്കുടി ആശുപത്രിയിലും പിന്നീട്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നെന്നാണ്‌ വിവരം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്‌ മാറ്റിയിരുന്നു.

 

രോഗവിവരങ്ങള്‍ പുറത്തുപോകുന്ന കാര്യത്തില്‍ കുടുംബാംഗങ്ങള്‍ക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്.
ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി താരമായത്. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്‌തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്‌ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്‌ത കലാഭവന്‍ എന്ന മഹത്തായ സ്‌ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്‌തികളിലൊരാളായിരുന്നു.Kalabhavan Mani 17_10 _6_
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്‌ചാത്തലത്തില്‍ നിന്നുമെത്തിയ കലാഭവന്‍ മണി സിനിമ നല്‍കിയ സൗഭാഗ്യത്താല്‍ ഇന്ന് സമ്പന്നനാണ്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്‌തു രാമന്‍ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാന്‍ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അനുകരണകല മണിയുടെ തലയ്‌ക്കുപിടിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മോണോ അക്‌ടില്‍ മണി യുവജനോല്‍സവങ്ങളില്‍ മത്സരിച്ചു. 1987-ല്‍ മോണോ ആക്‌ടില്‍ കൊല്ലത്തു നടന്ന സംസ്‌ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാമനാകുവാന്‍ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.
അനുകരണകലയില്‍ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാന്‍ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്‌കൂള്‍ പഠനം തീരാറായപ്പോള്‍ ഓട്ടോ ഓടിക്കുവാന്‍ പഠിച്ച മണി പകല്‍ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആര്‍ട്ടിസ്‌റ്റുമായി. ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തില്‍ പല ട്രൂപ്പുകള്‍ക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയില്‍വച്ചു പരിചയപ്പെട്ട പീറ്റര്‍ എന്ന വ്യക്‌തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്‌ക്കു വിനോദശാല എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ കലാഭവനുമായുളള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്‌ടപ്പെട്ടതോടെ അഭിനയരംഗത്ത് ശ്രദ്ധിക്കുവാനുളള തീരുമാനമെടുത്ത് മണി സിനിമാക്കാരെ കണ്ടുതുടങ്ങി.

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ചെറിയവേഷങ്ങള്‍ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. ഉദ്യാനപാലകന്‍, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളില്‍ സീരിയസ് വേഷമായിരുന്നു. വിനയന്‍ എന്ന സംവിധായകനാണ് കലാഭവന്‍ മണിയെ നായകനിരയിലേക്കുയര്‍ത്തിയത്. വിനയന്‍ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകര്‍ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

 

ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം, കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പ്രൈസ്, സത്യന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ്, ലക്‌സ്-ഏഷ്യാനെറ്റ് അവാര്‍ഡ് എന്നീ അംഗീകാരങ്ങള്‍ മണിയെ തേടിയെത്തി. മണി എന്ന നടന്റെ ഉയര്‍ച്ചയുടെ ദിനങ്ങളായിരുന്നു പിന്നീട്. വണ്‍മാന്‍ ഷോ, സമ്മര്‍ ഇന്‍ ബേത്‌ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍, വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്യാങ്, ഗാര്‍ഡ്, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങളില്‍ മണി നായകനായി. മറുമലര്‍ച്ചി, വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടന്‍ എന്നതിനൊപ്പം നല്ല ഗായകന്‍ കൂടിയാണ് കലാഭവന്‍ മണി. മണി അഭിനയിക്കുന്ന മിക്ക ചില ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്‌തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകള്‍ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുള്‍പ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകള്‍ക്കുവേണ്ടി മണി പാടിയിട്ടുണ്ട്.മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൗഭാഗ്യവതിയുടെയും മകളായ നിമ്മിയാണ് മണിയുടെ ഭാര്യ. 1999-ല്‍ ഫെബ്രുവരി 4-നാണ് നിമ്മി മണിയുടെ ജീവിതസഖിയാകുന്നത്. വാസന്തിലക്ഷ്‌മിയെന്നാണ് ഏകമകളുടെ പേര്. മണിയുടെ അനുജന്‍ രാമകൃഷ്‌ണന്‍ എം.ജി.സര്‍വ്വകലാശാല കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്.

Top