ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി. നീണ്ട 15 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനത്തില്‍ കമല്‍നാഥ് ഒപ്പിട്ടു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷികകടം എഴുതി തള്ളുമെന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പാകുന്നത്.
അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളിലാണ് കമല്‍നാഥ് തീരുമാനത്തില്‍ ഒപ്പിട്ടത്. ദേശസാല്‍കൃത. സഹകരണ ബാങ്കുകളിലുള്ള രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ മാര്‍ച്ച് 31 ന് മുമ്പ് എഴുതി തള്ളാനുള്ള തീരുമാനമാണ് കമല്‍നാഥ് കൈക്കൊണ്ടത്. രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
കമല്‍ നാഥ് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയാണ് കമല്‍നാഥ്. 72 കാരനായ കമല്‍ നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.