കനകമല ഭീകരവാദക്കേസിൽ ഒന്നാം പ്രതിക്ക് 14 വർഷം ശിക്ഷ; രാജ്യത്തിനെതിരെ യുദ്ധം ചെയ്തില്ലെന്ന് കോടതി; ആറു പ്രതികൾ കുറ്റക്കാർ

കനകമല ഭീകരവാദ കേസില്‍ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദിന്  14 വർഷം തടവും രണ്ടാം പ്രതി ചേലക്കര ടി.സ്വാലിഹ് മുഹമ്മദിന്  10 വർഷം തടവും കോടതി വിധിച്ചു. മൂന്നാം പ്രതി അബ് ബഷീറിന്  7 വർഷം, നാലാം പ്രതി കുറ്റ്യാടി റംഷാദ് നാങ്കീലന്  3 വർഷം, അഞ്ചാം പ്രതി തിരൂ‍ർ സാഫ്വാന് 8 വർഷം, ആറാം പ്രതി കാഞ്ഞങ്ങാട് പി.കെ.മൊയ്നുദീന്  3 വർഷം എന്നിങ്ങനെയാണ് കൂട്ടുപ്രതികളുടെ ശിക്ഷാ കാലാവധി. എല്ലാവരും പിഴയടയ്ക്കണമെന്നും കോടതി  വിധിച്ചു. എൻഐഎ പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.

2016 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ പ്രതികൾ കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം ചേർന്നെന്നാണ് കേസ്. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കാനും ഹൈക്കോടതി ജഡ്ജിമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ വധിക്കാനും യോഗത്തിൽ പദ്ധതി തയ്യാറാക്കിയിരുന്നതായി എൻ.ഐ.എ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. കേസിന്റെ ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഫിയാസിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.

എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതേവിട്ടിരുന്നു. മറ്റൊരു പ്രതി കോഴിക്കോട് സ്വദേശി സജീർ മംഗലശേരി വിചാരണ തുടങ്ങുംമുമ്പ് അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി എൻ.ഐ.എ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ ഒഴിവാക്കിയാണ് വിചാരണ നടത്തിയത്.

പ്രതികൾ രാജ്യാന്തര തീവ്രവാദ സംഘടനയായ ഐസിസിലെ അംഗങ്ങളാണെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി. പ്രതികൾ തീവ്രവാദ പ്രവർത്തനങ്ങൾക്കു വേണ്ടി പദ്ധതി തയ്യാറാക്കി എന്ന വാദം അംഗീകരിക്കാമെങ്കിലും ഇവർ ഐ.സി.സിൽ അംഗങ്ങളാണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കോടതി വിലയിരുത്തി. അൻസാർ ഉൽ ഖലീഫ (കേരള) എന്ന പേരിൽ തീവ്രവാദ സംഘടനയുടെ കേരള ഘടകമായി പ്രവർത്തിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ വാദിച്ചിരുന്നു. പ്രതികൾ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് കോടതി വിലയിരുത്തി. ഇവർക്കെതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്ന കുറ്റം വിചാരണയിൽ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി ഐ.പി കൃഷ്ണകുമാറാണ് കേസ് പരിഗണിച്ചത്.

Top