കണ്ണൂര്‍: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള ഐ.ആര്‍.പി.സി എന്ന സാന്ത്വന പരിപാലന സംഘടന തങ്ങളുടെ ജില്ലാ കമ്മിറ്റി ഓഫീസ് കയ്യേറി എന്നാരോപിച്ച് സി.എം.പി രംഗത്ത്. ഇത് സംബന്ധിച്ച് കലക്ടര്‍ക്കും എസ്.പിക്കും സി.എം.പി നേതാക്കള്‍ പരാതി നല്‍കി.എം.വി.ആറിന്റെ സ്വപ്‌നമന്ദിരവും ഇനി സി.പി.എമ്മിന്റെ കൈയില്‍. കോടികളുടെ കെട്ടിടം പി. ജയരാജന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക്
സി.പി.എം ജില്ലാ സെക്രട്ടറി സ്‌ഥാനം നഷ്‌ടമാവുകയും വടകരയില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്‌തതോടെ കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ ഇടമില്ലാതായ പി. ജയരാജന് സി.പി.എമ്മില്‍ സമാന്തര പ്രവര്‍ത്തനം നടത്താനാണ് ഇന്നും നിയമപ്രശ്‌നം നിലനില്‍ക്കുന്ന ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം ഐ.ആര്‍.പി.സി. ഓഫീസാക്കി മാറ്റുന്നതെന്നാണ് ജോണ്‍ വിഭാഗത്തിന്റെ ആരോപണം.
സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസായിരുന്ന യോഗശാലാ റോഡിലെ ഇ.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്‌മാരക മന്ദിരമാണ് സി.പി.എം. നിയന്ത്രണത്തില്‍ പി. ജയരാജന്‍ നയിക്കുന്ന സാന്ത്വന പരിചരണ സംഘടനയായ ഐ.ആര്‍.പി.സിയുടെ ജില്ലാ കമ്മിറ്റി ഓഫീസാക്കി മാറ്റിയത്. ഇന്നലെ രാവിലെ ഐ.ആര്‍.പി.സി ഓഫീസിന്റെ ഉദ്‌ഘാടനം നടന്നു. സി.എം.പി. ജോണ്‍ വിഭാഗവും സി.പി.എമ്മില്‍ ലയിക്കാതെ മാറി നില്‍ക്കുന്ന അരവിന്ദാക്ഷന്‍ വിഭാഗവും ഇതിനെതിരേ രംഗത്തെത്തി.
അവശനായിരുന്ന എം.വി.ആറിനെ മരിക്കുന്നതിനു തൊട്ടുതലേന്ന് സി.പി.എം. പൊതുപരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. പിന്നാലെ എം.വി. രാഘവന്‍ ഇടതുചേരിയില്‍ തിരിച്ചെത്തിയെന്ന രീതിയിലുള്ള പ്രചാരണം കണ്ണൂരില്‍ നടത്തിയ സി.പി.എം. ക്രമേണ സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസ് നിയന്ത്രണത്തിലാക്കുകയായിരുന്നു.
സി.എം.പി പിളര്‍ന്നതിന് പിന്നാലെ അവകാശ തര്‍ക്കം നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസാണിത്. ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു.ഇതിനിടെ അരവിന്ദാക്ഷന്‍ വിഭാഗം സി.പി.ഐ.എമ്മില്‍ ലയിച്ചു. ഇതിന് പിന്നാലെയാണ് സാന്ത്വന പരിപാലന സംഘടന കെട്ടിടം തങ്ങളുടെ ഓഫീസാക്കിയത്.
സംഘടനയുടെ ചെയര്‍മാനായ പി.ജയരാജാനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഫീസ് കൈവശപ്പെടുത്തിയത് സി.പി.ഐ.എമ്മിന്റെ ധിക്കാരപരമായ നടപടിയാണെന്നാണ് സി.എം.പി സി.പി ജോണ്‍ വിഭാഗം ആരോപിക്കുന്നത്.എന്നാല്‍ എം.വി.ആര്‍ ട്രസ്റ്റാണ് തങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് തന്നത് എന്നാണ് സി.പി.ഐ.എം നല്‍കുന്ന വിശദീകരണം.