തിരുവനന്തപുരം: വിവാദമായ കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ ജയിൽ മോചിതയാകും. മോചന ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി. നിലവിൽ പരോളിൽ കഴിയുന്ന ഷെറിൻ ജയിലിലേക്ക് എത്തിയാൽ ജയിൽ മോചിതയാകും. ജൂലൈ 24-വരെയാണ് ഷെറിന്റെ പരോൾ കാലാവധി. ഇതിനകം ജയിലിലേക്ക് എത്തി ഷെറിന് ജയിൽ മോചിതയാകാം.
ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചതോടെയാണ് മോചനത്തിനുള്ള സാധ്യത തുറന്നത്. ഷെറിൻ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്. നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ ഇവർക്ക് അടിക്കടി പരോള്‍ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിൻ ജയിലില്‍ സഹതടവുകാരിയെ മർദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവൻ വിഷയത്തില്‍ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.
പിന്നാലെ ഷെറിൻ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാർശ ഗവർണർ വിശദമായി പരിശോധിച്ചു. തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയല്‍ സമർപ്പിക്കുകയായിരുന്നു.








