കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ആറു മാസത്തേക്ക് ഭാഗികമായി അടച്ചിടുന്നു

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ആറു മാസത്തേക്ക് ഭാഗികമായി അടയ്ക്കും. വിമാനത്താവളത്തിലെ റിസ(റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണ ജോലികൾ നടക്കുന്നതിനാലാണ് റൺവേ ഭാഗികമായി അടച്ചിടുന്നത്. 2018 ജനുവരി 15 മുതലാണ് നവീകരണ ജോലികൾ ആരംഭിക്കുന്നത്. പ്രവൃത്തികൾ ആരംഭിച്ചാൽ ആറു മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയും വൈകീട്ട് 3.30 മുതൽ രാത്രി ഏഴു വരെയും റൺവേ അടച്ചിടും. രണ്ടര മുതൽ മൂന്നര വരെ വിമാന സർവ്വീസുകൾ ഒഴിവാക്കാനാകില്ല എന്നതിനാൽ ഈ സമയം റൺവേ തുറന്നുകൊടുക്കും. റൺവേ എൻഡ് സേഫ്റ്റി ഏരിയയിലെ നവീകരണ ജോലികൾ ആരംഭിക്കാൻ കഴിഞ്ഞദിവസം ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നവീകരണ ജോലികൾക്ക് അനുമതി ലഭിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമെടുത്തു. കരിപ്പൂർ വിമാനത്താവളത്തിൽ ഇടത്തരം വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഡിജിസിഎ നേരത്തെ അനുകൂല മറുപടി നൽകിയിരുന്നു. കരിപ്പൂരിലെ വികസനവും വലിയ വിമാനങ്ങളിറങ്ങുന്ന കാര്യങ്ങളും ചർച്ച ചെയ്യാനായി ദില്ലി എയർപോർട്ട് ആസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് അതോറിറ്റി ഓപ്പറേഷൻ വിഭാഗം അംഗം ഐഎൻ മൂർത്തി യോഗം വിളിച്ചു ചേർത്തത്.

Top