രാജി പിന്‍വലിക്കാന്‍ തയ്യാറി വിമത എംഎല്‍എമാര്‍; സ്പീക്കര്‍ക്കെതിരെ  അഞ്ചുപേര്‍ സുപ്രീം കോടതിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ രാജിവച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ ക്രൈസിസ് മാനേജര്‍ ഡി.കെ.ശിവകുമാറും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് വിമത എം.എല്‍.എയായ എം.ടി.ബി.നാഗരാജ് തന്റെ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചു.

അതേസമയം, അഞ്ച് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, കെ.സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്ന എന്നിവരാണ് ഹര്‍ജി നല്‍കിയത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. ഭരണഘടനയുടെ 190-ാം അനുഛേദപ്രകാരം ചട്ടങ്ങള്‍ പാലിച്ചാണ് രാജിക്കത്ത് നല്‍കിയത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ല. സ്വമേധയാ നല്‍കിയ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇവരുടെ ഹര്‍ജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ഹര്‍ജി കോടതിയിലെത്തിയത്. ഹര്‍ജി കോടതിയിലെത്തിയതിന് ശേഷമാണ് വിമതര അനുനയിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വീണ്ടും നടത്തിയത്.

മറ്റൊരു വിമത എം.എല്‍.എയായ സുധാകര്‍ റാവുവുമായി ചര്‍ച്ച നടത്തുമെന്നും നാഗരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് പുറമെ വിമത പക്ഷത്തുള്ള അഞ്ച് എം.എല്‍.എമാരും തങ്ങളുടെ രാജി പിന്‍വലിക്കാന്‍ ഒരുക്കമാണെന്നാണ് വിവരം. ഇതോടെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആകുമെന്നുമാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കളുടെ പ്രതീക്ഷ.

ഭരണപക്ഷത്തു നിന്ന് 16 എം.എല്‍.എമാര്‍ രാജിവച്ച സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനോട് അഭ്യര്‍ത്ഥിച്ചു. പന്ത്രണ്ടു ദിവസത്തെ വര്‍ഷകാല സമ്മേളനത്തിനു ചേര്‍ന്ന സഭയുടെ അജന്‍ഡയില്‍ ഇന്നലെ ചരമോപചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അതിനിടയില്‍ വിശ്വാസവോട്ടിനു സമയം തേടി മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ത്ഥനയില്‍ ബി.ജെ.പി കാര്യമായ എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

ഇപ്പോഴത്തെ നിലയില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായെങ്കില്‍ മാത്രമേ താന്‍ തുടരാനുള്ളൂ. പക്ഷേ, അതിനു മതിയായ സമയം അനുവദിക്കണമെന്നും കുമാരസ്വാമി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസില്‍ നിന്ന് പതിമ്മൂന്നും, ജെ.ഡി.എസില്‍ നിന്ന് മൂന്നും എം.എല്‍.എമാര്‍ രാജിവയ്ക്കുകയും ഈയിടെ മന്ത്രിസ്ഥാനം നല്‍കിയ രണ്ട് സ്വതന്ത്രര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിലനില്പ് ഭീഷണിയിലായ സഖ്യകക്ഷി സര്‍ക്കാരിന്റെ ആയുസ് നൂല്‍പ്പാലത്തിലാണ്.

എന്നാല്‍ തങ്ങളുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ച വിമതരുടെ ഹര്‍ജിയെ തുടര്‍ന്ന് നിയമസഭയില്‍ ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജിയിലും, അവര്‍ക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും അതുവരെ തീരുമാനമെടുക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് സ്പീക്കറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം, വിമത എം.എല്‍.എമാരെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നു.

Top