ജീവന് ഭീഷണി; താനും പീഡിപ്പിക്കപ്പെടാം അല്ലെങ്കില്‍ കൊല്ലപ്പെടാം; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: കത്വ പീഡനക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ തന്റെ ജിവന് ഭീഷണിയുള്ളതായി കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക. താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാമെന്നും അഭിഭാഷക ദീപിക സിങ് രജാവത് പറഞ്ഞു. ‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല. അവര്‍ എന്നെ ഒറ്റപ്പെടുത്തി. എനിക്കറിയില്ല എങ്ങിനെ ഇതിനെ അതിജീവിക്കുമെന്ന്.’- ദീപിക പറയുന്നു. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനിരിക്കയാണെന്നും, ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും എന്നാല്‍ ആ എട്ടു വയസുകാരിക്ക് നീതി ലഭിക്കാന്‍ താന്‍ ഉറച്ച് നില്‍ക്കുമെന്നും ദീപിക പറയുന്നു. ഇന്ന് വിചാരണ ആരംഭിക്കുന്ന കേസില്‍ രണ്ട് പോലീസുകാരടക്കം എട്ട് പ്രതികളാണുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള പ്രതികളുടെ വിചാരണയാണ് സെഷന്‍സ് കോടതിയില്‍ നടക്കുക. അതേസമയം രാഷ്ട്രീയ സ്വാധീനം ഉണ്ടാകാനിടയുള്ളതിനാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.

Top