കൊറോണ :കെ സി ജോസഫ് എംഎൽഎ നിരീക്ഷണത്തിൽ

കോട്ടയം :കൊറോണ സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോയി. നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ സി ജോസഫിന്റെ മുറിയിലും പോയിരുന്നു. കെ സി ജോസഫുമായി ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.


അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കി തൊടുപുഴയിലെ പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പുറത്തുവിട്ടിരുന്നു . കോണ്‍ഗ്രസ് നേതാവായ ഇയാളുടേത് വിപുലമായ സമ്പര്‍ക്കപട്ടികയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളയാര്‍ വരെയും ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, പൊതുസ്ഥാപനങ്ങള്‍ നിയമസഭാ മന്ദിരം തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് റൂട്ട് മാപ്പില്‍നിന്ന് വ്യക്തമാവുന്നത്. ഫെബ്രുവരി 29നാണ് കോവിഡ് സ്ഥിരീകരിച്ച ഇയാള്‍ തിരുവനന്തപുരത്തെത്തുന്നതും സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുക്കുന്നതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഡോക്ടർമാരുടെ പരിശോധനയിൽ കെ സി ജോസഫിന് കൊവിഡിന്റെ ലക്ഷണങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രതിരോധമെന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചതെന്നും കെ സി ജോസഫ് അറിയിച്ചു. മാർച്ച് പതിനൊന്നിനാണ് ഇടുക്കിയിലെ പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയത്. തുടർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധർണയിൽ ഉൾപ്പടെ പങ്കെടുത്തിരുന്നു. 26നാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇടുക്കി സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു . രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനായ ഇടുക്കി സ്വദേശിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരോട് വീട്ടിൽ നിരീക്ഷണത്തിലാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം പ്രമുഖരുൾപ്പെടെ വളരെയധികം ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര ,തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയിൽ മാർച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Top