സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി..അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് വിധിയെഴുത്ത്; 9,57,509 വോട്ടര്‍മാര്‍, 896 പോളിംഗ് ബൂത്തുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് തുടങ്ങും .സംസ്ഥാനത്തെ മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം. അഞ്ചു മണ്ഡലങ്ങളിലുമായി 9,57,509 വോട്ടര്‍മാരുണ്ട്. ആകെ 896 പോളിംഗ് സ്റ്റേഷനുകളാണ് അഞ്ചു മണ്ഡലങ്ങളിലുമായി ഉള്ളത്.ആകെ 5225 പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്.

മഞ്ചേശ്വരം മണ്ഡലത്തില്‍ ആകെ 2,14,779 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,07,851 പേര്‍ പുരുഷന്‍മാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തില്‍ 76,184 പുരുഷന്‍മാരും 79,119 സ്്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 1,55,306 വോട്ടര്‍മാരുണ്ട്.അരൂര്‍ മണ്ഡലത്തില്‍ 94,153 പുരുഷന്‍മാരും 97,745 സ്ത്രീകളും ഉള്‍പ്പെടെ 1,91,898 വോട്ടര്‍മാരുണ്ട്. കോന്നി മണ്ഡലത്തില്‍ ആകെ 1,97,956 വോട്ടര്‍മാരുണ്ട്. ഇതില്‍ 93,533 പേര്‍ പുരുഷന്‍മാരും 1,04,422 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. വട്ടിയൂര്‍ക്കാവില്‍ 94,326 പുരുഷന്‍മാരും 1,03,241 സ്ത്രീകളും മൂന്നു ട്രാന്‍സ്ജെന്‍ഡര്‍മാരുമടക്കം 1,97,570 വോട്ടര്‍മാരുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തവണ അഞ്ചു മണ്ഡലങ്ങളിലുമായി 12,780 വോട്ടര്‍മാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198, എറണാകുളത്ത് 135, അരൂര്‍ 183, കോന്നിയില്‍ 212, വട്ടിയൂര്‍ക്കാവില്‍ 168 എന്നിങ്ങനെയാണ് പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരില്‍ ഡോ: അരുന്ധതി ചന്ദ്രശേഖര്‍, കോന്നിയില്‍ ഡോ. പ്രസാദ് എന്‍.വി, വട്ടിയൂര്‍ക്കാവില്‍ ഗൗതം സിംഗ് എന്നിവരാണ് പൊതു നിരീക്ഷകര്‍.

മഞ്ചേശ്വരത്ത് കമല്‍ജീത്ത് കെ. കമല്‍, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരില്‍ മൈമും ആലം, കോന്നിയില്‍ കെ. അരവിന്ദ്, വട്ടിയൂര്‍ക്കാവില്‍ മന്‍സറുള്‍ ഹസന്‍ എന്നിവരാണ് ചെലവ് നിരീക്ഷകര്‍.മഞ്ചേശ്വരത്ത് 63 ഉം, അരൂരില്‍ ആറും, കോന്നിയില്‍ 48 ഉം, വട്ടിയൂര്‍ക്കാവില്‍ 13 ഉം ഉള്‍പ്പെടെ ആകെ 130 മൈക്രോ ഒബ്സര്‍വര്‍മാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ ഇല്ല.മഞ്ചേശ്വരത്ത് 19 ഉം, എറണാകുളത്തും അരൂരും വട്ടിയൂര്‍ക്കാവിലും 14 വീതവും, കോന്നിയില്‍ 25 ഉം സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 24ന് നടക്കും.

അഞ്ച് മണ്ഡലങ്ങളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്പോള്‍ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയാണുള്ളത്. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകുമെന്ന വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്.

അഞ്ചിടത്ത് അപ്രതീക്ഷിതമായി പുതുമുഖങ്ങളെ ഇറക്കി എല്‍ഡിഎഫ് ആദ്യം കളം നിറഞ്ഞപ്പോള്‍ പി എസ് സി വിവാദം എടുത്തിട്ട് അതിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കെ സുരേന്ദ്രനടക്കമുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ബിജെപിയും പിന്നാലെ കളത്തിലെത്തി. കുമ്മനം രാജശേഖരന് സീറ്റില്ലാത്തതും, വച്ചുനീട്ടിയ അരൂര്‍ സീറ്റ് ബിഡിജെഎസ് നിഷേധിച്ചതും ബിജെപിക്ക് ആദ്യദിനങ്ങളില്‍ തിരിച്ചടിയായി. പതിവ് പോലെ സീറ്റ് തര്‍ക്കം യുഡിഎഫിനെ ആദ്യം പ്രതിരോധത്തിലാക്കി. പക്ഷേ ഇടഞ്ഞുനിന്ന നേതാക്കളെയെല്ലാം പാട്ടിലാക്കി യുഡിഎഫും രംഗത്തെത്തിയതോടെ അതിശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുകയായിരുന്നു.

ശബരിമലയില്‍ ആചാരസംരക്ഷണത്തിനൊപ്പമാണ് താനെന്ന് പരസ്യമായി പറ‍ഞ്ഞ് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍റൈ ശബരിമല വിഷയത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രിയും സിപിഎമ്മും ശബരിമല പറയാതെ തന്ത്രപരമായി മാറി നില്‍ക്കുമ്പോഴാണ് ഇടതുസ്ഥാനാര്‍ഥി തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടത്. ചെന്നിത്തലയുടെ കപട ഹിന്ദു പ്രയോഗവും മുഖ്യമന്ത്രിയുടെ മറുപടിയും തുടര്‍ന്ന് ചര്‍ച്ചയായി. മന്ത്രി ജി സുധാകരന്‍ അരൂരിലെ സ്ഥാനാര്‍ഥിയെ പൂതനയെന്ന് പറഞ്ഞെന്ന വിവാദം രംഗം ചൂടാക്കി.

പക്ഷേ എന്‍എസ്എസ് നിലപാടാണ് പതുക്കെ കത്തിക്കയറിയത്. സമദൂരം വിട്ട് ശരിദൂരം വേണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ തുറന്ന് പറഞ്ഞു. ഈ ശരിദൂരം യുഡിഎഫിനുള്ള പിന്തുണയാണെന്ന് കൂടി സുകുമാരന്‍നായര്‍ വ്യക്തമാക്കിയതോടെ ബിജെപിയും പ്രതിരോധത്തിലായി. കോന്നിയില്‍ ഓര്‍ത്തഡോക്സ് പിന്തുണയെ ചുറ്റിപ്പറ്റിയും മൂന്ന് മുന്നണി നേതാക്കളും തലപുകച്ചതേോടെ മുന്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പ് രംഗം, സമുദായ വിഷയത്തില്‍ കറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശബരിമല വിഷയത്തില്‍ നേരിട്ടേറ്റുമുട്ടി. ശബരിമല വിഷയത്തില്‍ തെറ്റ് ഏറ്റ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്ന് എ കെ ആന്‍റണിയടക്കം നേതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി എണ്ണിപറഞ്ഞു. പച്ചക്കള്ളമെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. ഒരുമാസത്തെ രാഷ്ട്രീയപ്പോര് ആരെ തുണക്കും. സാമുദായിക ഘടകങ്ങള്‍ വോട്ടായി ജയപരാജയങ്ങളെ സ്വാധീനിക്കുമോ, അഞ്ചില്‍ ആര് നേട്ടമുണ്ടാക്കും. അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങള്‍ എങ്ങോട്ട് ചായും. അഞ്ച് മണ്ഡലങ്ങളിലെ ജനത പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ സംസ്ഥാനത്തെ മിനി തെരഞ്ഞെടുപ്പ്

Top