ദില്ലി: കോടികളുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പണം നല്‍കാതെ തട്ടിപ്പ് നടത്തിയതെന്നാണ് പറയുന്നത്. കേസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരും പ്രതികളാണ്.
കരാറുകാരനാണ് ഇതിനെതിരെ പരാതി നല്‍കിയത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെയാണ് സ്ഥാപനം പണികഴിപ്പിച്ചത്. ഇതിന്റെ കുടിശ്ശികയായ 2.80 കോടിരൂപ പലിശ സഹിതം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് കൊടുത്തിരിക്കുന്നത്.
സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയാക്കിയാണ് തിരുവനന്തപുരം സബ്കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കുകളാണ് കുടിശ്ശിക നല്‍കുന്നതിന് തടസ്സമായതെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തലയുടെ കാലത്ത് പൂര്‍ത്തിയായ പദ്ധതിക്ക് ഇപ്പോള്‍ തക നല്‍കാനാകില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.
2005 ല്‍ സോണിയാ ഗാന്ധിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. 2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കുടിശ്ശിക നല്‍കാന്‍ കെപിസിസി നേതൃത്വത്തോട് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കെപിസിസി ഇത് ചെവിക്കൊണ്ടില്ല. ഇതുവരെ തങ്ങള്‍ക്ക് തുക ലഭിച്ചിട്ടില്ലെന്നും അതിനാലാണ് കേസ് ഫയല്‍ ചെയ്തതെന്നും ഹീതാര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ രാജീവ് വ്യക്തമാക്കി.
ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായാണു തലസ്‌ഥാനജില്ലയിലെ നെയ്യാര്‍ ഡാമില്‍ കെ.പി.സി.സി. വാങ്ങിയ രണ്ടര ഹെക്‌ടറില്‍ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് സ്‌ഥാപിച്ചത്.മലേഷ്യയിലെ യൂത്ത് സെന്റര്‍ മാതൃകയിലാണു കെട്ടിടരൂപകല്‍പന. 2013 സെപ്‌റ്റംബറില്‍ പ്രധാനകെട്ടിടത്തിന്റെ പണി തീര്‍ത്ത് സോണിയാ ഗാന്ധിയെക്കൊണ്ട് ഉദ്‌ഘാടനം ചെയ്യിച്ചു. അതുമുതലുള്ള ബില്‍ കുടിശികയാണു കരാറുകാരനു ലഭിക്കാനുള്ളത്. ബില്ലുകള്‍ പരിശോധിച്ച് ഒരുമാസത്തിനകം പണം കൊടുക്കുന്ന രീതിയാണു കെ.പി.സി.സി. കൈക്കൊണ്ടിരുന്നത്.
എന്നാല്‍ ഉദ്‌ഘാടനത്തിനായി ധൃതിയില്‍ പണി പൂര്‍ത്തിയാക്കാന്‍ രമേശും ഉമ്മന്‍ ചാണ്ടിയൂം കരാറുകാരനോടു നിര്‍ദേശിച്ചു. ഫണ്ടിനു ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ ബാങ്ക് വായ്‌പയെടുത്ത് പ്രധാനകെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെന്നു പരാതിയില്‍ പറയുന്നു. ഡോര്‍മെറ്ററി നിര്‍മാണം പൂര്‍ത്തിയായില്ല.
പണി പൂര്‍ത്തിയാക്കിയശേഷം 2,80,40,376 രൂപയുടെ ബില്‍ കെ.പി.സി.സിക്കു നല്‍കി. (പ്രധാനകെട്ടിടം-1,16,58,806 രൂപ, ഡോര്‍മെറ്ററി-76,85,750 രൂപ, ഇന്റീരിയര്‍-56,91,470 രൂപ, വൈദ്യുതീകരണം-30,04,356 രൂപ). ഇതിനിടെ രമേശിനു പകരം വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായി. ഇതുസംബന്ധിച്ച വിവാദങ്ങളേത്തുടര്‍ന്ന് മറ്റു നേതാക്കള്‍ കെട്ടിടം പണിയുടെ ഉത്തരവാദിത്വത്തില്‍നിന്നു തലയൂരി. ഇത്രയും ഭീമമായ ചെലവില്‍ ഒരു സംരംഭം കെ.പി.സി.സിക്ക് ആവശ്യമുണ്ടായിരുന്നില്ലെന്ന നിലപാട് സുധീരനുമെടുത്തതോടെ കരാറുകാരന്‍ വെട്ടിലായി.
കരാറുകാരന്‍ പിന്നീടു സോണിയയെ നേരില്‍കണ്ട് കാര്യങ്ങളവതരിപ്പിച്ചു. തുടര്‍ന്ന് എത്രയും വേഗം കുടിശിക കൊടുത്തുതീര്‍ക്കാന്‍ സോണിയ കെ.പി.സി.സിക്കു നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല.ഇതേത്തുടര്‍ന്നാണു പ്രശ്‌നം കോടതി കയറിയത്. ഫെഡറല്‍ ബാങ്കില്‍നിന്നു വായ്‌പയെടുത്ത രണ്ടരക്കോടിയോളം രൂപയ്‌ക്ക് 13.5 പലിശയുള്‍പ്പെടെ ലഭിക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം.