വീടുകളില്‍ പറന്നിറങ്ങിയത് മലയാളിയായ ക്യാപ്ടന്‍ രാജ്കുമാര്‍; അതിസാഹസികമായി രക്ഷിച്ചത് അനേകം ജീവന്‍

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മത്‌സ്യബന്ധന തൊഴിലാളിയെ കടലില്‍ നിന്ന് രക്ഷിച്ചതിന് സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിയുടെ ശൗര്യചക്ര പുരസ്‌കാരത്തിന് അര്‍ഹനായ മലയാളിയായ ക്യാപ്ടന്‍ പി. രാജ്കുമാര്‍ വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനത്തിനും കേരളത്തിലെത്തി. വീട്ടിന്റെ ടെറസിനു മുകളില്‍ ഹെലികോപ്ടര്‍ ഇറക്കി 26പേരെ രക്ഷിച്ച് രാജ്കുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി.

വൃദ്ധരും കുട്ടികളും സ്ത്രീകളും അടക്കമുള്ള സംഘത്തെയാണ് അതിസാഹസികമായി അദ്ദേഹം രക്ഷിച്ചത്. തിരുവനന്തപുരം തീരത്തു നിന്ന് 30 നോട്ടിക്കല്‍ അകലെ അപകടകരമായി കടല്‍പ്പരയില്‍ താണു പറന്ന് ഓഖിയില്‍ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളിയെ രക്ഷിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാഹസികത നിറഞ്ഞ പ്രവര്‍ത്തികള്‍ എന്നും ധൈര്യപൂര്‍വം ഏറ്റെടുത്ത വ്യക്തിയാണ് രാജ്കുമാര്‍. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ വളരെ വേഗം കണ്ടെത്താനും രക്ഷിക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഈ സമയത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് യുദ്ധേതരഘട്ടത്തില്‍ ആത്മത്യാഗത്തോടെയുള്ള അര്‍പ്പണത്തിനു രാജ്യം നല്‍കുന്ന സൈനിക ബഹുമതിയായ ‘ശൗര്യചക്ര’ ക്യാപ്റ്റനെ തേടിയെത്തിയത്. നിര്‍ണായക സമയങ്ങളില്‍ സീകിങ്ങ് കൂടാതെ നാവികസേനയുടെ ചേതക് ഹെലികോപ്റ്ററുകള്‍ പറത്താനും ക്യാപ്റ്റന്‍ രാജ്കുമാര്‍ വിദഗ്ധനാണ്. പ്രധാനപ്പെട്ട വിഐപികള്‍ വരുമ്പോള്‍ പലപ്പോഴും ഇദ്ദേഹത്തിനാണ് ചുമതല.

ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് സീകിങ് 42 സി. ഇത്ര വലിയ ഹെലികോപ്റ്റര്‍ മരങ്ങള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഇടയിലൂടെ സുരക്ഷിതമായി ഒരു വീടിനു മുകളില്‍ ഇറക്കുകയെന്നത് നിസാരമല്ല. തികഞ്ഞ വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ ഉയരത്തില്‍ സ്ഥായിയായി നിര്‍ത്തി ആളുകളെ പ്രത്യേക ലോഹ റോപ്പിലൂടെ തൂക്കിയെടുക്കുകയാണെങ്കില്‍ (വിന്‍ചിങ്) സമയനഷ്ടവും ഇന്ധനനഷ്ടവും ഏറെ വലുതാണ്. ക്യാപ്റ്റന്‍ രാജ്കുമാറിന്റെ ധൈര്യവും കൃത്യമായ ഇടപെടലിലും രക്ഷാപ്രവര്‍ത്തനം വേഗം നടത്താന്‍ സഹായിച്ചു.

Top