കേരളത്തെ ചേര്‍ത്ത് പിടിച്ച് അനേകായിരങ്ങള്‍; 5 കോടി നല്‍കി എം.എ. യൂസഫലി

കൊച്ചി: പ്രളയ ദുരിതം നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളുടെ കാരുണ്യം ഒവുകുകയാണ്. ദുരിതത്തിലായവരെ സഹായിക്കാന്‍ അഞ്ച് കോടി രൂപ സംഭാവന നല്‍കുന്നതായി പ്രമുഖ വ്യവസായി എം.എ. യൂസഫലി അറിയിച്ചു. തമിഴ് സിനിമാ താരങ്ങളും അകമഴിഞ്ഞ് സഹായം ചെയ്യുകയാണ്.

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നല്‍കി. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. നടന്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു. എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നു മഞ്ജു വാരിയര്‍ കുറിച്ചു. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ഥന.

കേരളത്തിനായുള്ള പ്രാര്‍ഥനയാണ് അമല പോളിന്റെ ഫെയ്‌സ്ബുക് വോളില്‍. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളും അഭ്യര്‍ഥനയുമായെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി- അക്കൗണ്ട് നമ്പര്‍: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകള്‍ക്ക് ആദായനികുതി ഒഴിവുണ്ട്.

Top