വിജയ് മല്യയുടെ കമ്പനിക്ക് സര്‍ക്കാര്‍ നിസാര വിലയ്ക്ക് ഭൂമി നല്‍കി; കോണ്‍ഗ്രസിനെ കുടുക്കാന്‍ പുതിയ വിവാദം

h_50115422

പലക്കാട്: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി നടക്കുന്ന മദ്യരാജാവ് വിജയ് മല്യയ്ക്ക് സര്‍ക്കാര്‍ വക ഭൂമി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരില്‍ മദ്യരാജാവ് വിജയ് മല്യയും ഉള്‍പ്പെടുന്നുണ്ട്. പാലക്കാട് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് നിസാര വിലയ്ക്ക് ലഭിച്ചത്.

20 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ പതിച്ചുനല്‍കിയത്. പാലക്കാട് പുതുശേരി വെസ്റ്റിലാണ് 2013ല്‍ ഭൂമി നല്‍കിയത്. സെന്റിന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ഭൂമി 70,000 രൂപയ്ക്കാണ് നല്‍കിയത്. 14.03 കോടി രൂപയാണ് മല്യ ഇതിനു നല്‍കിയത്. വിവരാവകാശ രേഖപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യവസായി ആവശ്യത്തിനാണെന്ന് പറയുന്നുണ്ടെങ്കിലും എന്ത് വ്യവസായത്തിനാണ് യു.ബി ഗ്രൂപ്പിന് ഭൂമി നല്‍കിയിരിക്കുന്നതെന്ന് രേഖയില്‍ പറഞ്ഞിട്ടില്ല. ഇതോടെ കോണ്‍ഗ്രസിന് അടുത്ത തലവേദനയ്ക്കുള്ള വകയായി. പലതരത്തിലുള്ള ബോട്ടിലിംഗ് പ്ലാന്റുകള്‍ യു.ബി ഗ്രൂപ്പിന് പതുശേരിയിലുണ്ട്. മദ്യനിരോധനത്തിനായി സര്‍ക്കാര്‍ ഊര്‍ജിത നടപടി സ്വീകരിക്കുന്നതിനിടെയാണ് മറുവശത്തുകൂടി മദ്യരാജാവിന് സര്‍ക്കാര്‍ ഭൂമി നിസാര വിലയ്ക്ക് നല്‍കുന്നതും. ഇതേമേഖലയില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഭൂമി പാട്ടത്തിനാണ് നല്‍കിയിരിക്കുന്നത്.

അതേസമയം, യു.ബി ഗ്രൂപ്പിന് ഭൂമി നല്‍കിയത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ കലക്ടര്‍ മേരിക്കുട്ടി ഐ.എ.എസ് പ്രതികരിച്ചു. വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഭൂമിയിടപാട്, കുമരകം മെത്രാന്‍ കായല്‍, കടമക്കുടി ഭൂമി ഇടപാടുകള്‍ വിവാദമായതിനു പിന്നാലെയാണ് പാലക്കാട്ടെ ഭൂമിദാനവും പുറത്തുവരുന്നത്.

Top