കൊച്ചി: മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഇനിമുതല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതി. ഹര്‍ത്താലിനെതിരെ കേരളാ ചേംബര്‍ ഒഫ് കൊമേഴ്‌സും മലയാളവേദിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി പരാമര്‍ശം. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങള്‍ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.
നാളെ മുതല്‍ രണ്ടു ദിവസം നടക്കുന്ന പണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടികള്‍ പൊലീസ് സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സുരക്ഷ ഒരുക്കും. പൊലീസ് സുരക്ഷ ആവശ്യപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പണിമുടക്കില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിച്ചു തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താല്‍ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ഹര്‍ത്താലുകളും സമരങ്ങളും സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഇത്.
ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. ഇതു ജനങ്ങളുടെ മൗലിക അവകാശത്തെയാണു ബാധിക്കുന്നത്. അക്രമങ്ങള്‍ തടയാന്‍ സമഗ്രമായ പദ്ധതി വേണം. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നു കരുതി മറ്റുള്ളവരെ അതില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുത്. ഹര്‍ത്താല്‍ വെറും തമാശ പോലെയായി മാറുകയാണ്. ഹര്‍ത്താലുകള്‍ മൂലം ഓഫിസുകളുടെയും സ്‌കൂളുകളുടെയും പ്രവൃ ത്തി ദിനങ്ങള്‍ കുറയുകയാണ് – കോടതി വ്യക്തമാക്കി.
ഹര്‍ത്താലിനെതിരായി ഉയരുന്ന ജനവികാരം അതു നടത്തുന്നവര്‍ കാണുന്നില്ല എന്നുണ്ടോ എന്നു ചോദിച്ച കോടതി സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്നും എന്തുകൊണ്ടാണു നിയമ നിര്‍മാണം നടത്താത്തതെന്നും സര്‍ക്കാരിനോടു ചോദിച്ചു. നാളത്തെ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണെന്നുള്ളത് ഉച്ചയ്ക്കു മുന്‍പ് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
2018ല്‍ മാത്രം സംസ്ഥാനത്തു 97 ഹര്‍ത്താലുകള്‍ നടത്തിയെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്രയും ദിവസങ്ങള്‍ ജനജീവിതം സ്തംഭിച്ചെന്നും കേരള ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ പൊതുമുതലിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ക്ലെയിംസ് കമ്മിഷനെ നിയമിക്കണമെന്നു തൃശൂരിലെ മലയാള വേദിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.