ഹര്‍ത്താലിനിടെ കലാപത്തിന് ശ്രമം!! ദൃശ്യങ്ങള്‍ പുറത്ത്; മതേതരത്വം തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിനും ആഹ്വാനം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കലാപ ഭീഷണി മുഴക്കുന്ന രംഗങ്ങള്‍ പുറത്ത്. കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലീങ്ങള്‍ക്കെതിരെ പോര്‍വിളി നടത്തി. മതേതരത്വം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇവിടെ നടന്നത്.

മതവിഭാഗത്തിനെതിരെ കലാപഭീഷണി നടത്തിയതിന്റെ വിവരങ്ങള്‍ പ്രമുഖ ചാനല്‍ പുറത്ത് വിട്ടു. പൊലീസിനെ നോക്കുകുത്തിയാക്കിയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കൃത്യമായി പോലീസിനെ വിന്യസിക്കാന്‍ കഴിയാതിരുന്നതും ഹര്‍ത്താലനുകൂലികള്‍ക്ക് സഹായകമായി.

സംഘ്പരിവാര്‍ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിതെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് പ്രത്യേക മതവിഭാഗത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കലാപഭീഷണി മുഴക്കിയത്. ഒരൊറ്റ മുസ്‌ലിമും ഇവിടെയുണ്ടാകില്ല. എല്ലാ പള്ളിയും പൊളിക്കും എന്നിങ്ങനെയുള്ള കലാപാഹ്വാനങ്ങളാണ് ഇവര്‍ നടത്തുന്നത്.

ഹര്‍ത്താലിനെ തള്ളി കടകള്‍ തുറന്ന മിഠായിത്തെരുവിലെ വ്യാപാരികള്‍ക്കെതിരെ പ്രതിഷേധവുമായാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെത്തിയത്. കടകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപം തമ്പടിക്കുകയായിരുന്നു. ഇതിന് സമീപത്ത് തന്നെയാണ് വി.എച്ച്.പി, ബജ്രംഗ്ദല്‍ കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പൊലീസും മാധ്യമപ്രവര്‍ത്തകരും വ്യാപാരികളും ഗെയിറ്റിന് ഇപ്പുറം നില്‍ക്കെയാണ് പരസ്യമായി സംഘ്പരിവാര്‍ കലാപഹ്വാനം നടത്തിയത്.

Top