
കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ LDF 93, UDF 44, NDA 3 എന്നിങ്ങനെയാണ് ലീഡ് നില. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടതുപക്ഷത്തിന് വൻ മുന്നേറ്റം. വിവിധ മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ രാവിലെ ഏഴു മണിയോടെ തുറന്നു. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഏപ്രില്‍ ആറിന് നടന്ന വോട്ടെടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനാണ് വോട്ടെണ്ണൽ തുടങ്ങുന്നതോടെ അവസാനമായത്. ഭരണതുടര്‍ച്ചയെന്ന് ഇടതും ഭരണമാറ്റമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വസത്തിലാണ്. തൂക്കുസഭ വരുമെന്നും നിർണായക ശക്തിയാകാമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പിയും.എന്നാൽ അപ്രതീക്ഷിതമായി മൂന്നു സീറ്റുകളില്‍ എൻഡിഎയും ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടും തൃശൂരിലുമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം, ശ്രദ്ധേയ പോരാട്ടം നടന്ന പാലാ നിയോജക മണ്ഡലത്തിൽ ജോസ് കെ. മാണിയെ പിന്നിലാക്കി മാണി സി. കാപ്പൻ കുതിക്കുകയാണ്.
കേരള കോൺഗ്രസിന്റെ തട്ടകത്തിലാണ് കെ.എം.മാണിയുടെ മകന് തിരിച്ചടി കിട്ടുന്നത്. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജ് മൂന്നാം സ്ഥാനത്താണ്. ആദ്യഘട്ടത്തിൽ ലീഡു ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് 20,000 കടന്നു. മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ലീഡ് പതിമൂവായിരത്തിലേക്ക് എത്തി.
അതേസമയം, യുഡിഎഫിന്റെ ഉറച്ച കോട്ടയായ കോട്ടയം ജില്ലയിൽ മൂന്നു സീറ്റുകളിൽ മാത്രമാണ് മുന്നണിക്ക് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മറ്റു സീറ്റുകളിൽ എല്ലാം എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. പൂഞ്ഞാറിൽ പി.സി.ജോർജ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രികോണ മൽസരം കാഴ്ച വച്ച ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ ലീഡ് ചെയ്യുന്നു.