ഓണം ബമ്പര്‍ സമ്മാനം അനന്തു വിജയന്‌.പ്ലസ് ടു കാലം മുതല്‍ പഠനത്തിന്റെ ഇടവേളകളില്‍ ജോലിക്ക് പോയിരുന്ന അനന്തുവിനു ഇപ്പോഴും അമ്പരപ്പ് ! നികുതിയും കമ്മീഷനും കഴിച്ച്‌ ഏഴരക്കോടി രൂപ കിട്ടും

കൊച്ചി: കേരള സംസ്‌ഥാന ലോട്ടറിയുടെ ഓണം ബമ്പര്‍ സമ്മാനം അനന്തു വിജയന്‌. എറണാകുളം കടവന്ത്രയില്‍ വിറ്റ ടിക്കറ്റിനാണ്‌ 12 കോടി രൂപയുടെ ബമ്പറടിച്ചത്‌. ഇടുക്കി സ്വദേശിയായ അനന്തു കടവന്ത്രയില്‍ ഒരു സ്വകാര്യ സ്‌ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്‌. വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്ന അനന്തു രണ്ടാഴ്‌ച മുമ്പാണു ലോട്ടറി വാങ്ങിയത്‌. കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സിയില്‍നിന്നു ടിക്കറ്റുകള്‍ വാങ്ങി വില്‍ക്കുന്ന അളകസാമിയാണു ടിക്കറ്റ്‌ നല്‍കിയത്‌. ബമ്പര്‍ വിജയിക്കു ടിക്കറ്റ്‌ വിറ്റതു താനാണെന്ന്‌ അളകസാമി നറുക്കെടുപ്പ്‌ കഴിഞ്ഞയുടന്‍ പറഞ്ഞെങ്കിലും ആരാണു വാങ്ങിയതെന്ന്‌ അറിയുമായിരുന്നില്ല. വൈകിട്ടോടെ വിജയിയെ തിരിച്ചറിഞ്ഞു. അമ്മയും അച്‌ഛനും മൂത്ത സഹോദരിയും അടങ്ങുന്നതാണ്‌ അനന്തുവിന്റെ കുടുംബം. നികുതിയും കമ്മീഷനും കഴിച്ച്‌ ഏഴരക്കോടി രൂപ അക്കൗണ്ടിലെത്തും.

ടി.ബി 173964 നമ്പര്‍ ടിക്കറ്റിനാണു ബമ്പര്‍ സമ്മാനം. ടി.എ 738408, ടി.ബി 474761, ടി.സി 570941, ടി.ഡി 764733, ടി.ഇ 360719, ടി.ജി 787783 ടിക്കറ്റുകള്‍ക്ക്‌ രണ്ടാംസമ്മാനമായ ഒരു കോടി രൂപ വീതം ലഭിക്കും. സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്‌ കഴിഞ്ഞ വര്‍ഷം മുതല്‍ ഓണം ബമ്പറിനു നല്‍കുന്നത്‌.

അനന്തു വിജയന്‍ സ്വപ്നത്തില്‍പോലും ചിന്തിക്കാത്തതാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്. ഓണം ബമ്പറെടുത്ത ശേഷം നറുക്കെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെയും സുഹൃത്തുക്കളോട് കളിയായി പറഞ്ഞിരുന്നു, ‘ഇത്തവണത്തെ ബമ്പര്‍ എനിയ്ക്കായിരിയ്ക്കുമെന്ന്’.കേരളം ജേതാവിനെ തെരഞ്ഞു നടക്കുമ്പോഴും അനന്തുവറിഞ്ഞില്ല ആ കോടീശ്വരന്‍ താനാണെന്ന്. വൈകിട്ട് അഞ്ചരയോടെയാണ് ലോട്ടറി ഒത്തു നോക്കിയത്. വിശ്വാസമാവാതെ പലതവണ മാറി മാറി നോക്കി. യാഥാര്‍ത്ഥ്യമാണെന്ന് അറിഞ്ഞതോടെ ഞെട്ടല്‍ മാറാന്‍ മണിക്കൂറുകളെടുത്തു. സന്തോഷവും അമ്പരപ്പുംമൂലം രാത്രി രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞതെന്ന് അനന്തു പറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ തന്നെ തോവാളയിലെ പൂവത്തോലില്‍ വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞു. അച്ഛന്‍ വിജയനും അമ്മ സുമയ്ക്കും വിശ്വസിക്കാനായില്ല. ചേച്ചി ആതിരയും അനുജന്‍ അരവിന്ദും അടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. അച്ഛന്‍ വിജയന്‍ പെയിന്റിംഗ് തൊഴിലാളിയാണ്. എം.കോം കഴിഞ്ഞ മൂത്ത സഹോദരി ആതിര എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്നു. കൊവിഡ് കാലത്ത് ലോക്ക് ഡൗണില്‍ ജോലി നഷ്ടമായ സഹോദരിക്ക് വിവാഹാലോചനകള്‍ നടന്നുവരവേയാണ് കുടുംബത്തിലേക്ക് ഭാഗ്യം തിരുവോണം ബമ്പറിന്റെ രൂപത്തിലെത്തിയത്. സഹോദരന്‍ അരവിന്ദ് ബി.ബി.എ കഴിഞ്ഞ ശേഷം എം.ബി.എയ്ക്ക് ചേരാനുള്ള ശ്രമത്തിലാണ്.

തോവാള ജംഗ്ഷനില്‍ നിന്നും മാറി മലമുകളിലാണ് അനന്ദുവിന്റെ വീട്. ഏറെ ദൂരം നടന്നുവേണം വീട്ടിലെത്താൻ. കുടിവെള്ള സൗകര്യമില്ലാത്തിനാല്‍ വിലകൊടുത്താണ് വെള്ളം വാങ്ങുന്നത്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ മൂലം പ്ലസ് ടു കാലം മുതല്‍ പഠനത്തിന്റെ ഇടവേളകളില്‍ അനന്തു വിവിധ തരത്തിലുള്ള ജോലിയ്ക്ക് പോകുമായിരുന്നു. പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ പുളിയന്‍മലയിലെ ഒരു കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കുമായിരുന്നു. ജോലിയ്ക്ക് ശേഷമാണ് വീട്ടിലെത്തിയിരുന്നത്.

Top