ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ സമരങ്ങളുടെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ചവരെ പിടികൂടുന്നതിന് പോലീസ് ഒരുക്കിയത് പല വിധത്തിലുള്ള കെണികള്‍. പ്രശ്‌നക്കാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് പോലീസ് പലരെയും കുടുക്കിയതെന്നാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളെ വരെ പോലീസ് വിദഗ്ധമായി ഉപയോഗിച്ചു. പലര്‍ക്കും പോലീസ് വിരിച്ച വല മനസിലായതുപോലുമില്ല.
നിയമസഹായം നല്‍കാമെന്നറിയിച്ച് വാട്സാപ്പില്‍ പ്രചരിച്ച ഫോണ്‍നമ്പര്‍ മിക്കവര്‍ക്കും കെണിയായിരുന്നു. നിയമസഹായത്തിന് വിളിക്കാന്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ ചിലത് പോലീസിന്റേയോ പോലീസുമായി ബന്ധപ്പട്ടവരുടേതോ ആയിരുന്നു. എന്നാല്‍, അറസ്റ്റ് തുടരുന്നതിനിടെ ഹൈക്കോടതിയുടെ മുന്നറിയിപ്പ് പോലീസിന് തിരിച്ചടിയായിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ നിരീക്ഷിച്ച് 21 കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പന്ത്രണ്ടും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലാണ്.
ഓഡിയോ ക്ലിപ്പിലൂടെയും അല്ലാതെയും സമരത്തിന് മറ്റുരീതിയില്‍ ആഹ്വാനം നല്‍കിയവരും കുടുങ്ങി. സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനങ്ങള്‍ ഗ്രൂപ്പുകള്‍ തോറും ഫോര്‍വേഡ് ചെയ്തത് സമരക്കാര്‍ക്ക് വിനയായി. സ്ത്രീകളെ തടയാന്‍ സന്നിധാനത്തേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് വിളിക്കാന്‍ വാട്സാപ്പില്‍ നല്‍കിയ ഫോണ്‍നമ്പറും പോലീസിന് ഗുണം ചെയ്തു.
അറസ്റ്റിന് പലരീതികള്‍ അവലംബിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറയുന്നു. നിയമസഹായത്തിന് വാട്സാപ്പില്‍ നല്‍കിയ നമ്പറില്‍ വിളിച്ചവര്‍ സംഭവം വിശദീകരിക്കുകയും ആരൊക്കെ ഒപ്പം ഉണ്ടായിരുന്നതടക്കമുള്ള കാര്യങ്ങള്‍ പറയുകയും ചെയ്തു. വാട്സാപ്പില്‍ വന്ന സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാതെ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തത് പലര്‍ക്കും കുടുക്കാവും. ഇവരെ പോലീസ് തിരഞ്ഞുവരുകയാണ്. അടുത്തമാസം അഞ്ചിന് നടതുറക്കുമ്പോള്‍ എന്തൊക്കെ സമരരീതിയാണ് നടത്തുന്നതെന്നും ആരെയൊക്കെ വിളിക്കണമെന്നും അന്വേഷിച്ച് സംശയകരമായ ഓട്ടേറെ ഫോണ്‍വിളികള്‍ ബി.ജെ.പി. നേതാക്കള്‍ക്കും ലഭിക്കുന്നുണ്ട്.
ലുക്ക്ഔട്ട് നോട്ടീസില്‍പ്പെട്ടവരെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും സാമൂഹ്യപ്രവര്‍ത്തകരെ ഉപയോഗിച്ചും കണ്ടെത്തി അറസ്റ്റുചെയ്തിട്ടുണ്ട്.