തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിനായി ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നതും സര്‍ക്കാര്‍ തന്നെ. പുനരധിവാസം നേരിടാന്‍ ആവശ്യത്തിന് പണമില്ലാതെ പ്രയാസപ്പെടുമ്പോളും സെക്രട്ടേറിയറ്റിന് ആഡംബര മോടിപിടിപ്പിക്കല്‍. സെക്രട്ടേറിയറ്റ് അന്ക്സ് രണ്ടിന്റെ ഏഴാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിനുവേണ്ടി തേക്കിന്‍ തടിയില്‍ നിര്‍മ്മിച്ച കുഷ്യന്‍ ചെയ്ത 30 കസേരകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
30 കസേരകള്‍ക്ക് ആയി ചെലവാകുന്നത് 2,48,774 രൂപയാണ്. ഒരു കസേരയുടെ വില 9,292 രൂപ. സിഡ്കോയില്‍ നിന്നാണ് കസേരകള്‍ വാങ്ങുന്നത്. സെക്രട്ടേറിയറ്റ് അനക്സ് II ലെ മന്ത്രിമാരുടെ ഓഫീസ് കാമ്പിനുകള്‍ പരിഷ്‌കരിക്കുന്നതിനും പുതിയവ നിര്‍മ്മിക്കുന്നതിനും നാലര ലക്ഷം രൂപയും അനുവദിച്ചു. വനംമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കൃഷിമന്ത്രി, ആരോഗ്യ ക്ലബ് എന്നിവയ്ക്കാണ് പണം അനുവദിച്ചത്. ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ ഓഫീസില്‍ ചായയും ലഘുഭക്ഷണവും വാങ്ങിയ ഇനത്തില്‍ മാത്രം കഴിഞ്ഞമാസം നല്‍കിയത് 2,26,115 രൂപയാണ്.
ഇതിന് മുമ്പ് പത്ത് ലക്ഷത്തിന് മേല്‍ വിലവരുന്ന കാറുകള്‍ സര്‍ക്കാരിനായി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് അപേക്ഷകള്‍ നല്‍കിയിരുന്നു.