തോല്‍വികളറിയാത്ത കാരുണ്യവാന് നാളെ അന്ത്യയാത്ര; സംസ്‌കാരം പാലയില്‍

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണിയുടെ മൃതദേഹം രാവിലെ 9 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും. പാര്‍ട്ടി ആസ്ഥാനത്തടക്കം നാലിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും . നാളെ ഉച്ചക്ക് പാലായിലാണ് സംസ്‌കാരം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മാണിയുടെ അന്ത്യം.

ധനമന്ത്രി എന്ന നിലയില്‍ കെ.എം.മാണിയെ ചരിത്രം ഓര്‍ക്കുക കാരുണ്യ പദ്ധതിയിലൂടെയായിരിക്കും. ‘ജീവിതത്തിന്റെ വാതിലുകള്‍ മരണത്തിലേക്ക് തുറക്കുമ്പോള്‍ മരണമല്ല ജീവിതം തന്നെയാണ് മുന്നിലുള്ളതെന്ന് തെളിയിച്ച പദ്ധതിയാണിത്’ എന്നാണ് മാണി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയില്‍ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്കും പ്രയോജനം ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011-12ലെ ബഡ്ജറ്റിലാണ് കെ.എം.മാണി ഈ പദ്ധതി പ്രഖ്യാപിച്ചത്. കാരുണ്യ എന്ന് പേരുള്ള ഭാഗ്യക്കുറി വില്പനയിലൂടെ ലഭിക്കുന്ന ലാഭം പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയിലേക്ക് മാറ്റുന്നതായിരുന്നു പദ്ധതി. കാരുണ്യബനവലന്റ് ഫണ്ട് വന്നതോടെ ഭാഗ്യക്കുറിയുടെ മുഖച്ഛായ മാറി. ഇതോടെ ഭാഗ്യക്കുറി വെറും ഭാഗ്യപരീക്ഷണമല്ലാതായി. അതിന് ഒരു ജീവകാരുണ്യ സ്വഭാവം വന്നു.

പിന്നീട് കേരളത്തിലെ ഭാഗ്യക്കുറിയെ വിഴുങ്ങാന്‍ സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ളവര്‍ രംഗത്തെത്തിയപ്പോഴും സര്‍ക്കാരിനൊപ്പം ജനങ്ങളും കേന്ദ്രവും നിന്നതും കാരുണ്യയെ മനസില്‍ കണ്ടായിരുന്നു. അത് കെ.എം. മാണിയെന്ന ക്രാന്തദര്‍ശിയായ ജനനായകന്റെ മിടുക്കായിരുന്നു. ഒടുവില്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും കാരുണ്യപദ്ധതിയെ നശിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയായിരുന്നു.

മാര്‍ച്ച് 28നാണ് കാരുണ്യയ്‌ക്കെതിരായ നീക്കം ഉപേക്ഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് വാര്‍ത്താകുറിപ്പിറക്കിയത്. കഴിഞ്ഞ ബഡ്ജറ്റിനെതിരെ കെ.എം.മാണി നിയമസഭയിലും പുറത്തും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ചതും കാരുണ്യയെ നശിപ്പിക്കുന്നുവെന്ന ദുഃഖം പ്രകടിപ്പിച്ചായിരുന്നു. അനാരോഗ്യം കീഴ്‌പ്പെടുത്തിയപ്പോഴും കാരുണ്യ പദ്ധതി നിലനിറുത്തണം എന്നാവശ്യപ്പെട്ട് ധര്‍ണ നടത്താന്‍ അദ്ദേഹം സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തലച്ചോര്‍ രോഗം, കരള്‍രോഗങ്ങള്‍, ഹിമോഫീലിയ, പാലിയേറ്റീവ് കെയര്‍ എന്നിവയ്ക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ സഹായം നല്‍കുന്നതാണിത്. മാരകമല്ലാത്ത രോഗങ്ങള്‍ക്ക് അയ്യായിരം രൂപവരെ സഹായവും ലഭിക്കും. സംസ്ഥാനത്തെ നൂറോളം ആശുപത്രികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നീട് രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജനയും ആയുഷ്മാന്‍ഭാരതും വന്നപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റിയത് കാരുണ്യ പദ്ധതിയെയാണ്. അപേക്ഷിക്കാന്‍ എളുപ്പം, കിട്ടാന്‍ അതിലേറെ എളുപ്പം എന്നതായിരുന്നു കാരുണ്യയുടെ പ്രത്യേകത.

ജനങ്ങള്‍ക്ക് നേരെ കലവറയില്ലാത്ത കാരുണ്യം ചൊരിഞ്ഞ നേതാവായിരുന്നു കെ.എം. മാണി. തോല്‍വികളറിയാത്ത ജീവിതത്തില്‍ എന്നും സാധാരണക്കാരുടെ പക്ഷത്തും കര്‍ഷകരുടെ പക്ഷത്തും മാണിസാറുണ്ടായിരുന്നു. പാലയെ അനാഥമാക്കി ആ ഉറച്ച് ശബ്ദം യാത്രയാകുകയാണ്.

Top