പ്രൊഡ്യൂസര്‍ നടിയെ പീഡിപ്പിച്ച സംഭവം: പിന്നില്‍ ബ്ലാക്ക് മെയിലിംഗ് സംഘം, ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: കൊച്ചിയില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രമുഖ നിര്‍മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്. നടി പരാതി നല്‍കിയത് ബ്ലാക്ക് മെയിലിംഗ് സംഘത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് പുതിയ അറിവ്. ഇത് സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. കേസില്‍ പ്രതിയായ നിര്‍മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും വിവരമുണ്ട്.

യുവനടിയുടെ പരാതി ലഭിച്ചിരുന്നെങ്കിലും ആഴ്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം പൊലീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിന് വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നാണ് കൊച്ചി നോര്‍ത്ത് സി.ഐ കെ.ജെ പീറ്റര്‍ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

2017ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നാണ് വിവരം. യുവനടി പരാതിയുമായി തങ്ങളെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയില്ലെന്നും അഭനേതാക്കളുടെ സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യു.സി.സി) ഇതുമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

Top