തുടക്കം കലക്കി ഇന്ത്യ: അഡ്‌ലെയ്ഡില്‍ അരങ്ങു വാണ് കോഹ്ലി

അഡ്‌ലെയ്ഡ്: രോഹിത്തിന്റെ വെടിക്കെട്ട്, കോഹ്ലിയുടെ തകര്‍ത്താട്ടം, അവസാനിപ്പിക്കാന്‍ ധോണിയും സുരേഷും. ബൗളിങ്ങില്‍ നെഹ്‌റയുടെ തിരിച്ചു വരവും അരങ്ങേറ്റക്കാരന്‍ ബൂമ്രയും ചേര്‍ന്നപ്പോള്‍ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ വിജയവഴിയില്‍ തിരികെ എത്തി.
തുടക്കവെടിക്കെട്ടിട്ടു രോഹിത് കത്തികയറി മടങ്ങിയെങ്കിലും ആവേശം കെടാതെ കാത്തു സൂക്ഷിക്കാന്‍ കോഹ്ലിക്കും റെയ്‌നയ്ക്കുമായി. ഒടുവിലെത്തി ധോണി സോഷ്യല്‍ മീഡിയയില്‍ തന്നെ തുഴച്ചില്‍കാരനെന്നു അപമാനിച്ചവര്‍ക്ക് അവസാന ഓവറിലെ വെടിക്കെട്ടിലൂടെ ധോണിയുടെ മറുപടിയുമെത്തി.
37 റണ്‍സിനാണ് ഇന്ത്യ വിജയം കൊയ്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3 1ന് മുമ്പിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നിരയില്‍ 19.3 ഓവറില്‍ 151 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് സിങ് ബുംമ്രയും ഇരു വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരുമാണ് കംഗാരുക്കളെ എറിഞ്ഞ് വീഴ്ത്തിയത്. നെഹ്‌റ ഒരു വിക്കറ്റെടുത്തു.
താരതമ്യേന അടിച്ചെടുക്കാനാവുന്ന സ്‌കോറായിട്ടും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ക്രീസില്‍ അധിക നേരം നില്‍ക്കാനായില്ല. ഓപണിറങ്ങിയ ആരോണ്‍ ഫിഞ്ച്(44), സ്റ്റീവന്‍ സ്മിത്ത്( 21) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ഡേവിഡ് വാര്‍ണര്‍ (17), ക്രിസ് ലീന്‍ (17), ഷെയ്ന്‍ വാട്ടസണ്‍ (12) എന്നിവര്‍ പെട്ടന്ന് പുറത്തായി.ട്രാവിസ് ഹെഡ് (2), മാത്യൂ വെഡ് (5), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (9) കാമറോണ്‍ ബോയ്‌സ് എന്നിവര്‍ക്ക് രണ്ടക്കം പോലും കടക്കാനായില്ല.
ഉപനായകന്‍ വിരാട് കോഹ്ലിയുടെ ( 90 )മിന്നും ഫോം മികവിലാണ് ഇന്ത്യനാലു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തത് 71 പന്തില്‍ രണ്ട് സികസും 9 ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്. രോഹിത് ശര്‍മ്മ (31) യും ശിഖര്‍ ധവാനും തുടക്കമിട്ട ഇന്നിങ്‌സിന് തുടക്കക്കില്‍ തന്നെ ഷെയ്ന്‍ വാട്ട്‌സണ്‍ മുറിവേല്‍പിച്ചു. നാലാം ഓവറില്‍ രോഹിതിനെയും മൂന്നു പന്തുകള്‍ക്കപ്പുറം ശിഖര്‍ ധവാനെയും വാട്ട്‌സണ്‍ പറഞ്ഞയച്ചു. പിന്നീടെത്തിയ കോഹ്ലി റെയ്‌നക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ പതിയെ ഉയര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന സഖ്യം 14.3 ഓവറില്‍ 134 റണ്‍സെടുത്തു. അവസാന ഓവറില്‍ റെയ്‌നയുടെ പുറത്താകലിനു ശേഷം ക്യാപ്റ്റന്‍ ധോണിയെ (11) മറുവശത്താക്കിയാണ് കോഹ്ലി സ്‌കോറിങ് വര്‍ദ്ധിപ്പിച്ചത്.
നേരത്തേ ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് സിങും ഇന്ത്യക്കായി അരങ്ങേറി. അതേ സമയം ഇരു ടീമീലും രണ്ടു പേര്‍ അഞ്ച് വര്‍ഷത്തിനു ശേഷം രാജ്യത്തിനായി കളത്തിലിറങ്ങി. ഇന്ത്യക്കായി ആശിഷ് നെഹ്‌റയും ആസ്‌ട്രേലിയക്കായി ഷോണ്‍ ടെയ്റ്റുമാണ് ഗ്രൗണ്ടിലെത്തിയത്. 2011ലാണ് ഇരുവരും അവസാനമായി കളിച്ചത്. വെടിക്കെട്ട് താരം യുവരാജ് സിങും ഇന്ത്യന്‍ ടീമിലെത്തി.

Top