ജന്മനാടായ പ്രമാടം പഞ്ചായത്തിലെ സ്വീകരണയോഗങ്ങൾ ശുഷ്കം; റോബിൻ പീറ്റർ ആശങ്കയിൽ, പരാജയപ്പെട്ടാൽ ഉത്തരവാദിത്തം ആർക്ക് എന്നതിനെ ചൊല്ലി കോൺഗ്രസ് യോഗത്തിൽ വാക്ക് തർക്കം

സ്വന്തം ലേഖകൻ

കോന്നി: കോന്നിയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പായതോടു കൂടി യു.ഡി.എഫിലും, കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം.സ്ഥാനാർത്ഥിയുടെ ജന്മനാടായ പ്രമാടം പഞ്ചായത്തിലെ സ്വീകരണ യോഗങ്ങളും ശുഷ്കമായതോട് കൂടി സ്ഥാനാർത്ഥി പരാജയപ്പെടുമെന്ന ആശങ്ക കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവർ ഉന്നയിച്ചു.വിവിധയിടങ്ങളിലെ സ്വീകരണങ്ങളിൽ ജനപങ്കാളിത്തം കുറഞ്ഞത് ജില്ലാ നേതൃത്വത്തെ ആശങ്കയിലാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനപ്രതിനിധിയായിട്ടും റോബിൻ പീറ്റർ വീടിൻ്റെ ഗേറ്റ് മുഴുവൻ സമയവും അടച്ചിടുന്നതും കാറിൽ യാത്ര ചെയ്യുമ്പോൾ പൂങ്കാവ് ടൗണിൽ പോലും കാറിൻ്റെ ഗ്ലാസ് താഴ്ത്താറില്ലെന്ന പരാതി ജനങ്ങൾക്കിടയിൽ ഉണ്ടെന്നും ഇത് സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധത്തിന് ഇടയാക്കിയതായും പ്രാദേശിക നേതാക്കൾ യോഗത്തിൽ പറഞ്ഞു. 16 മാസക്കാലം ജനപ്രതിനിധിയായ ജനീഷ് കുമാറിന് നൂറുകണക്കിന് വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടാനുള്ളപ്പോൾ 25 വർഷക്കാലം ജനപ്രതിനിധിയായ റോബിന് ഒരു കലുങ്ക് പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് യോഗത്തിൽ പോലും റോബിനെതിരെ പ്രതിഷേധം ഉയർന്നതോടെ പരാജയം മനസ്സിലാക്കിയ അടൂർ പ്രകാശ് ഒത്തുകളി ആരോപണം ഉന്നയിച്ച് തടിയൂരാനുള്ള ശ്രമത്തിലാണ്.കോൺഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും റോബിൻ പീറ്ററിൻ്റെ സ്ഥാനാർത്ഥിത്വത്തിന് എതിരായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പി.മോഹൻരാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശും, റോബിൻ പീറ്ററും പരസ്യമായി രംഗത്തിറങ്ങിയത് കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു എങ്കിലും അത് പരിഗണിക്കപ്പെടാതിരുന്നത് അണികളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു.സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കോന്നിയിൽ വലിയ പ്രതിഷേധമാണ് നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ഉയർന്നു വന്നത്.

പരാജയത്തിൻ്റെ ഉത്തരവാദിത്തം ആർക്ക്?

റോബിൻ പീറ്റർ പരാജയപ്പെടുമ്പോൾ അതിൻ്റെ ഉത്തരവാദിത്തം ആർക്ക് എന്നതാണ് ഇപ്പോൾ കോൺഗ്രസ് കമ്മറ്റിയിലെ പ്രധാന ചർച്ച.കഴിഞ്ഞ ദിവസം നടന്ന നിയോജക മണ്ഡലം തെരഞ്ഞെടുപ്പു കമ്മറ്റിയിൽ ഇതിൻ്റെ പേരിൽ ആറ്റിങ്ങൽ എം.പി.യുമായി വാക്കു തർക്കം നടന്നതായി പറയപ്പെടുന്നു.നേതൃത്വത്തെ മറികടന്ന് ആറ്റിങ്ങൽ എം പി സ്വയം സൃഷ്ടിച്ച സ്ഥാനാർത്ഥിത്വമായതിനാൽ പരാജയ ഉത്തരവാദിത്വം എം.പി. സ്വയം ഏറ്റെടുക്കണമെന്ന് കെ.പി.സി.സി അംഗം കൂടിയായ ഒരു മുതിർന്ന നേതാവ് എം.പി.യുടെ മുഖത്തു നോക്കി പറഞ്ഞതായാണ് വാർത്തകൾ പുറത്തു വരുന്നത്.

ഇതോടെ പ്രതിസന്ധിയിലായി ഒറ്റപ്പെട്ട എം.പി.ഒത്തുകളി സിദ്ധാന്തവുമായി രംഗത്തിറങ്ങി.. ഇതിനായി വാർത്താ സമ്മേളനവും പത്തനംതിട്ടയിൽ വിളിച്ചു. പക്ഷെ വാർത്താ സമ്മേളനത്തിൽ സോളാർ കേസ് സംബന്ധിച്ച ചോദ്യങ്ങൾ തുടച്ചയായി ഉയർന്നതോടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

മുങ്ങുന്ന കപ്പലിൽ നിന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രക്ഷപെടുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രതിഷേധം കാരണം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുടർച്ചയായി കോൺഗ്രസിൽ നിന്ന് രാജിവച്ച് പുറത്തു പോകുകയാണ്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സുനിൽ വർഗ്ഗീസ് ആൻറണി, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന തോമസ് മാത്യു ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ, വൈസ് പ്രസിഡൻ്റ് ബാബു പാങ്ങാട്ട്, കോന്നി ഗ്രാമപഞ്ചായത്ത് അംഗമായി 15 വർഷം പ്രവർത്തിച്ച റോജി ബേബി, കോന്നി ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.അലക്സാണ്ടർ മാത്യു ഉൾപ്പടെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ടത്.

നൂറു കണക്കിന് പ്രവർത്തകരും ഇവർക്കൊപ്പം പാർട്ടി വിട്ടു.കോൺഗ്രസ് വിട്ടവർ ജനീഷ് കുമാറിനും, സി.പി.ഐ (എം) നും പിൻതുണ പ്രഖ്യാപിച്ചത് കെ.പി.സി.സി നേതൃത്വത്തെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇലക്ഷൻ അടുക്കുന്നതോടെ നിരവധി രാജികൾ ഇനിയും ഉണ്ടാകുമെന്നാണ് ചില നേതാക്കൾ അടക്കംപറയുന്നത്.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ ജനീഷ് കുമാറിൻ്റെ മുന്നേറ്റം

പ്രമാടം, കോന്നി പഞ്ചായത്തുകളിൽ ഇത്തവണ ജനീഷ് കുമാർ തന്നെ മുന്നിലെത്തുമെന്നാണ് പറയപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്തിൽ 527 വോട്ടിൻ്റെ ലീഡ് നേടിയത് ജനീഷ് കുമാറാണ്.തുടർന്ന് പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് ലഭിച്ചു. പ്രമാടത്ത് 4000 വോട്ടായി എൽ.ഡി.എഫ്.ലീഡ് വർദ്ധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ പറയപ്പെടുന്നത്.

റോബിൻ പീറ്റർ ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോൾ ലീഡ് നല്കിയ ഓമല്ലൂർ, തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ കോന്നി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല. പ്രമാടത്ത് റോബിൻ പീറ്റർ താമസിക്കുന്ന വാർഡ് പോലും എൽ.ഡി.എഫ്.സ്ഥാനാർത്ഥി ജയിച്ചത് വലിയ ഭൂരിപക്ഷത്തിലാണ്. റോബിൻ പീറ്ററോടുള്ള പ്രമാടം പഞ്ചായത്തിലെ എതിർപ്പാണ് ചരിത്രത്തിലാദ്യമായി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനു നല്കിയതെന്നും പറയപ്പെടുന്നു. വികസന പ്രവർത്തനങ്ങൾ നല്കുന്ന പിൻബലത്തിൽ കോന്നി പഞ്ചായത്തും ഇക്കുറി ജനീഷിനൊപ്പമാണെന്നാണ് ജനസംസാരം.

Top