കോന്നിയുടെ വികസനത്തിന് പുത്തന്‍ രൂപരേഖ സമ്മാനിച്ച് വികസനശില്‍പ്പശാല

കോന്നി: വികസന തുടര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത രണ്ടാം വികസനശില്‍പ്പശാല കേരളത്തിന് മാതൃകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എലിയറയ്ക്കല്‍ ശാന്തി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഇത്തരം വികസന ശില്‍പ്പശാലകള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയുടെ വികസനത്തിന് പുത്തന്‍ രൂപരേഖ സമ്മാനിച്ച രണ്ടാം വികസശില്‍പ്പശാല വിവിധമേഖലയിലെ ജനങ്ങളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒന്നാം വികസന ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചാണ് രണ്ടാം ശില്‍പ്പശാല സംഘടിപ്പിച്ചത്. നാടിന്റെ വികസനത്തിനാവശ്യമായകാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി ജനപ്രതിനിധികള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു.

വികസന ശില്‍പ്പശാലയില്‍ ഉന്നയിച്ച കല്ലേലി നിവാസികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് കല്ലേലി കേന്ദ്രീകരിച്ച് പാര്‍പ്പിട സമുച്ഛയം നിര്‍മ്മിക്കുമെന്ന് എംഎല്‍എ അറിയിച്ചു.
വികസന ശില്‍പ്പശാലയില്‍ പ്രധാനമായും ഉയര്‍ന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനമായി.

ഈ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വന്യമൃഗശല്യമുണ്ടാകുന്ന മേഖലകളില്‍ വനംവകുപ്പ് ഉദ്യേഗസ്ഥര്‍ ഉടനടി എത്തി നടപടി സ്വീകരിക്കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് വാഹന സൗകര്യം സജ്ജമാക്കുന്നതിനും ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും 15 ലക്ഷം രൂപ അനുവദിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. മറ്റു പ്രധാന തീരുമാനങ്ങള്‍ ചുവടെ:

കോന്നി മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ ആവിഷ്‌കരിച്ചിട്ടുള്ള സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും.

പഞ്ചായത്തുകള്‍ സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് ആധുനികനിലവാരത്തിലുള്ള പൊതുശ്മശാനം നിര്‍മ്മിക്കാനും തീരുമാനമായി.

കോന്നി ഗ്രാമപഞ്ചായത്ത് സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് കോന്നി കെഎസ്ആര്‍ടിസി പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എംഎല്‍എ അറിയിച്ചു.

ഐരവണ്‍- അരുവാപ്പുലം പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനും മുടങ്ങിക്കിടക്കുന്ന പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി.

ചിറ്റാറില്‍ സബ് ട്രഷറി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
സീതത്തോടിനെ ടൂറിസം വില്ലേജാക്കി മാറ്റാന്‍ നടപടി സ്വീകരിക്കും.
കൈതക്കര കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കും.
നെടുമ്പാറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
മലയോര മേഖലകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിക്കും.
സീതത്തോട് മാര്‍ക്കറ്റ് നവീകരിക്കും.
കോന്നി ബൈപ്പാസ്, മേല്‍പ്പാലം പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കും.
മെഡിക്കല്‍ കോളജ് റോഡ് രണ്ടാം ഘട്ടം ഉടന്‍ പൂര്‍ത്തീകരിക്കും.

ഓരോ ഗ്രാമപഞ്ചായത്തില്‍ നിന്നും പങ്കെടുത്ത അംഗങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട എല്ലാ നിര്‍ദ്ദേശങ്ങളും രേഖാമൂലം നല്‍കിയിട്ടുണ്ട്. ഇവയാകെ നടപ്പിലാക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു.ഇതിനായി ഉദ്യോഗസ്ഥതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു.

ശില്‍പ്പശാലയില്‍ എംഎല്‍എ അഡ്വ.കെ.യു ജനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം പി.ജെ അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം ജിജോ മോഡി, ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ,സിപിഐ മണ്ഡലം സെക്രട്ടറി പിആര്‍ ഗോപിനാഥന്‍, കോന്നിയൂര്‍ പി.കെ, ഫാദര്‍ ജിജി തോമസ്, രാജേഷ് ആക്ലേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ മോഹനന്‍ നായര്‍, സജി കുളത്തിങ്കല്‍, ചന്ദ്രിക സുനില്‍, പുഷ്പവല്ലി ടീച്ചര്‍, ഷീല കുമാരി, രേഷ്മ മറിയം റോയി, എന്‍. നവനീത്, ജോബി ടി ഈശോ, ബ്ലോക്ക് പഞ്ചായത്തംഗം തുളസി മണിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുതല ഉദ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Top