കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും.

റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാല്‍ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 മുന്‍ ഗവര്‍ണര്‍ മാധവ് ചന്ദ്രന്റെ ആശയമാണ്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കില്‍ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാല്‍ ലഭിക്കാത്ത നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുലപ്പാല്‍ ബാങ്കെന്ന ആശയം ഇന്ത്യയില്‍ 32 വര്‍ഷം മുമ്പ് തന്നെ വന്നിരുന്നെങ്കിലും എന്തുകൊണ്ടോ കേരളത്തില്‍ ഇതുവരെ ഇത് നടപ്പായില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ എറണാകുളത്തും തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലുമായി രണ്ട് മുലപ്പാല്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികളുമായി റോട്ടറി ക്ലബ് മുന്നോട്ടുവന്നതെന്ന് മാധവ് ചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം പാല്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഖരിക്കുന്ന പാല്‍ 6 മാസം വരെ ബാങ്കില്‍ കേട് കൂടാതെ സൂക്ഷിക്കാനാവും.

ജനറല്‍ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പ്രാരംഭഘട്ടത്തില്‍ തികച്ചും സൗജന്യമായി മുലപ്പാല്‍ ലഭ്യമാക്കുക. പിന്നീട് പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി. ജനറല്‍ ആശുപത്രിയില്‍ പ്രതിവര്‍ഷം 3600-ഓളം കുട്ടികളാണ് ജനിക്കുന്നത്.

ഇതില്‍ 600 മുതല്‍ 1000 കുഞ്ഞുങ്ങള്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നു. മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, ആവശ്യമായ പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍, അമ്മമാരില്‍ നിന്നും പല കാരണങ്ങളാല്‍ അകന്ന് കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ബാങ്കില്‍ നിന്നുള്ള പാസ്ച്ചറൈസ് ചെയ്ത മുലപ്പാല്‍ നല്‍കുന്നത് അവരുടെ രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് റോട്ടറി കൊച്ചിന്‍ ഗ്ലോബലിലെ ഡോ. പോള്‍ പറഞ്ഞു.

ആശുപത്രിയില്‍ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങള്‍ ലഭ്യമായിട്ടുള്ളതുമായ അമ്മമാര്‍ തന്നെയായിരിക്കും മുലപ്പാല്‍ ദാതാക്കളെന്നും അദ്ദേഹം പറഞ്ഞു. നവജാതശിശുക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള മഹത്തായ പ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ മുലപ്പാല്‍ കൂടുതലായുള്ള അമ്മമാരെ പ്രോത്സാഹിപ്പിക്കുമെന്നും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു.

പാസ്ച്ചറൈസേഷന്‍ യൂണിറ്റ്, റഫ്രിജറേറ്ററുകള്‍, ഡീപ് ഫ്രീസറുകള്‍, ഹോസ്പിറ്റല്‍ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആര്‍ഒ പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ അടങ്ങുന്ന മുലപ്പാല്‍ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്.

ബാങ്ക് സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മില്‍ കഴിഞ്ഞ വര്‍ഷം ധാരണാപത്രം ഒപ്പിട്ടിരുന്നുവെങ്കിലും കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് പദ്ധതി വൈകുകയായിരുന്നു. ദാതാക്കളായ അമ്മമാര്‍ക്ക് പാലെടുക്കുമ്പോള്‍ ആശ്വാസം പകരുന്ന തരത്തില്‍ മുലപ്പാല്‍ ബാങ്കിന്റെ ഉള്‍വശം സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എബി ഏല്യാസ് പറഞ്ഞു.

മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തിപ്പിക്കാന്‍ ഐഎംഎയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സും (ഐഎപി) പരിശീലനം സിദ്ധിച്ച നേഴ്‌സിങ് സ്റ്റാഫിനെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതൊരു നൂതനാശയമായതിനാല്‍ ഇതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ആളുകളെ ബോധ്യപ്പെടുത്താന്‍ ഊര്‍ജിത ശ്രമം ഉണ്ടാകേണ്ടതുണ്ട്.

മുലപ്പാല്‍ ദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോട്ടീസുകള്‍ വിതരണം ചെയ്തും താരങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട് ഹോര്‍ഡിങ്ങളും പോസ്റ്ററുകളും ഉപയോഗിച്ചുള്ള ബോധവല്‍കരണ പ്രചാരണത്തിന് ഇന്നര്‍വീല്‍ ക്ലബ് അംഗങ്ങള്‍ നേതൃത്വം നല്‍കുമെന്ന് ഇന്നര്‍വീല്‍ ക്ലബിലെ ആശ സുനില്‍ പറഞ്ഞു.

Top