തട്ടിക്കൂട്ടിയ കെ.പി.സി.സി.മുത്തച്ഛന്‍മാര്‍ 8,സപ്തതി കഴിഞ്ഞവര്‍ 8;ഷഷ്ടിപൂര്‍ത്തി പിന്നിട്ടവരും.. ജനറല്‍ ബോഡി 15 മിനിട്ടിൽ ഇരുന്നെഴുന്നേറ്റ് പിരിഞ്ഞു

തിരുവനന്തപുരം: കടുത്ത ആരോപണമുള്ള കെപിസിസിയുടെ ആദ്യ തട്ടിക്കൂട്ട് കമ്മറ്റി ഇരുന്നെഴുന്നേറ്റ് പിരിഞ്ഞു മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനും വിഴുപ്പലക്കലിനും ശേഷം തട്ടിക്കൂട്ടിയ കെ.പി.സി.സിയുടെ ആദ്യ ജനറല്‍ ബോഡി നീണ്ടുനിന്നതു 15 മിനിട്ട് മാത്രം! കെ.പി.സി.സി. അധ്യക്ഷനെയും എ.ഐ.സി.സി. അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന വഴിപാടുപ്രമേയം പാസാക്കി, ഇരുന്നെഴുന്നേല്‍ക്കും മുമ്ബേ യോഗം പിരിഞ്ഞു. ഹൈക്കമാന്‍ഡിന്റെ അന്ത്യശാസനത്തിനു വഴങ്ങി തട്ടിക്കൂട്ടിയ കെ.പി.സി.സി. ജനറല്‍ ബോഡിയില്‍ ഇടം പിടിച്ചവരില്‍ 80 വയസ് പിന്നിട്ട എട്ടുപേര്‍. 45 വയസില്‍ താഴെയുള്ള യുവാക്കളുടെ പട്ടികയില്‍ കടന്നുകൂടാന്‍ പ്രായം കുറച്ചുകാണിച്ചതു 18 പേര്‍! ..

കോട്ടയത്തുനിന്നുള്ള എം.എം. ജേക്കബാണു ജനറല്‍ ബോഡിയിലെ കാരണവര്‍. മേഘാലയ മുന്‍ ഗവര്‍ണര്‍ കൂടിയായ അദ്ദേഹം നവതി പിന്നിട്ടു. ശരാശരി 55-65 വയസുള്ളവരാണു പട്ടികയില്‍ ബഹുഭൂരിപക്ഷം. പല ജില്ലകളിലും പുതുമുഖങ്ങളായി അവതരിപ്പിച്ചിരിക്കുന്നതു ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരെയാണ്.
എം.എം. ജേക്കബിനു തൊട്ടുപിന്നില്‍ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍മാരായ തെന്നല ബാലകൃഷ്ണപിള്ളയും സി.വി. പത്മരാജനും. 85 വയസുള്ള കെ. ശങ്കരനാരായണനാണു സീനിയോറിറ്റിയില്‍ അടുത്തത്. 80 പിന്നിട്ട ആര്യാടന്‍ മുഹമ്മദ്, കെ.പി. ഉണ്ണിക്കൃഷ്ണന്‍, സി.എന്‍. ബാലകൃഷ്ണന്‍, വയലാര്‍ രവി, 70 പിന്നിട്ട എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, ടി.എച്ച്‌. മുസ്തഫ, പി.ജെ. കുര്യന്‍, തേറമ്ബില്‍ രാമകൃഷ്ണന്‍, പി.പി. തങ്കച്ചന്‍, കെ.പി. വിശ്വനാഥന്‍, കെ.വി. തോമസ് തുടങ്ങിയവരാണു മറ്റു വയോധികനേതാക്കള്‍. ആകെയുള്ള 304 പേരില്‍, 45 വയസില്‍ താഴെയുള്ള 45 പേരുണ്ടെന്നാണു കെ.പി.സി.സി. പട്ടിക അംഗീകരിച്ച്‌ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍, രേഖകള്‍പ്രകാരം 45-ല്‍ താഴെയുള്ളവര്‍ 27 പേര്‍ മാത്രം. അതില്‍തന്നെ പലരും മറ്റു വിഭാഗങ്ങളിലാണു പട്ടികയില്‍ ഇടം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം എ.ഐ.സി.സി. അംഗീകരിച്ചതിനേത്തുടര്‍ന്നാണു 304 അംഗ കെ.പി.സി.സി. ജനറല്‍ ബോഡി ആദ്യമായി ചേര്‍ന്നത്. എ.ഐ.സി.സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാത്തതിനാല്‍ രാഹുല്‍ ഗാന്ധിയെ ആ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്ന പ്രമേയമുണ്ടായില്ല. പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത സാഹചര്യത്തില്‍ ആരും ഒരു അവകാശവാദവും ഉന്നയിക്കരുതെന്ന മുന്നറിയിപ്പ് വരണാധികാരി ഡോ. സുദര്‍ശന്‍ നാച്ചിയപ്പ ആദ്യമേ നല്‍കി. കെ.പി.സി.സി. അധ്യക്ഷനെയും കേരളത്തില്‍നിന്നുള്ള എ.ഐ.സി.സി. അംഗങ്ങളെയും തെരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന പ്രമേയം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് അവതരിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസനും പിന്തുണച്ചു. കെ.പി.സി.സി. അംഗങ്ങളുടെ പട്ടിക ദേശീയതലത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച നാച്ചിയപ്പന്‍ ഓര്‍മിപ്പിച്ചു. എല്ലാവരെയും ഏകോപിപ്പിച്ച്‌ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനു നാച്ചിയപ്പനെ ഹസന്‍ അഭിനന്ദിച്ചു. ഇന്നലെ രാവിലെ 10.30-നു കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലായിരുന്നു യോഗം. ബ്ലോക്കുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 282 പേരും കെ.പി.സി.സിയുടെ ഏഴു മുന്‍ അധ്യക്ഷന്‍മാരും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു 15 എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തു.

Top