തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി വിജയൻ തോമസ് പറഞ്ഞു. തന്റെ നിലപാട് നാളെ പ്രഖ്യാപിക്കുമെന്നും വിജയൻ തോമസ് പറഞ്ഞു. ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു. 2011ലും 2016ലും ഇദ്ദേഹത്തിന് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അവസരം നല്‍കിയിരുന്നില്ല. 2018ല്‍ ദില്ലിയിലെത്തി ബിജെപി നേതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു.തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കെപിസിസി ജനറൽ സെക്രട്ടറി തന്നെ രാജിവച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.
നേമം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ സീറ്റ് കിട്ടാത്ത കൂടുതൽ നേതാക്കൾ പാർട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. എവി ഗോപിനാഥ് അടക്കമുള്ളവരുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ അനുനയ ചർച്ചകൾ നടത്തി വരികയാണ്.ഇതിനിടയിലാണ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വിജയൻ തോമസ് രാജിവച്ചത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നുവത്രെ. കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജിവച്ചിരിക്കുന്നത് എന്നാണ് വിവരം. തിരുവനന്തപുരത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് നേമം. ഇവിടെ മല്‍സരിക്കണമെന്ന് വിജയന്‍ തോമസിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇവിടെ ശക്തനായ നേതാവിനെയാണ് പരിഗണിക്കുന്നത്. ബിജെപിയുടെ കേരളത്തിലെ ഏക സീറ്റാണ് നേമം. അതു തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമം തുടരുകയാണ്.
സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വിജയന്‍ തോമസ് കടുത്ത തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. നേരത്തെ രാജി ഭീഷണി മുഴക്കിയ കെവി തോമസിനെ കോണ്‍ഗ്രസ് അര്‍ഹമായ പദവി നല്‍കി പരിഗണിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു നേതാവ് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജിവച്ചിരിക്കുന്നത്. വയനാട്ടിലും പാലക്കാടും കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിരിക്കെയാണ് പുതിയ സംഭവം.