ജനറൽ ട്രാൻസ്ഫർ നടപ്പാക്കി കെ.എസ്.ആർ.ടി.സി; അവസരം മുതലാക്കി താല്പര്യമില്ലാത്ത ജീവനക്കാരെ വെട്ടിനിരത്തി യൂണിയൻ ഇടപെടലും

ഷാനു പാലോസ്.

കോതമംഗലം: എല്ലാ സർക്കാർ ജോലിക്കാരും തന്റെ സർവീസിനിടക്ക് ജില്ലക്ക് പുറത്ത് മൂന്നു വർഷം ജോലി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കി കൊണ്ട് കെ.എസ്.ആർ.ടി.സിയിലും ഉത്തരവിറങ്ങി. ജോലിക്ക് കയറിയ അതേ ഡിപ്പോയിൽ തന്നെ വർഷങ്ങളായി ജോലി ചെയ്തിരുന്നവരെ ട്രാൻസ്ഫർ ചെയ്തു കൊണ്ടുള്ള ഉത്തരവ് ജീവനക്കാർക്ക് പരാതി നൽകുന്നതിനുള്ള ക്രമീകരണം കൂടി ഏർപ്പെടുത്തിയാണ് ഡിപ്പോകളിൽ എത്തിയത്.

യൂണിയൻ നേതൃത്വം ഇടപെടാത്ത ഉത്തരവ് എന്ന വ്യാഖ്യാനവുമായാണ് ജനറൽ ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിരിക്കുന്നതെങ്കിലും ഇടത് പക്ഷ യൂണിയൻ അനുഭാവികൾ അല്ലാത്തവരെയും, യൂണിയന് ശത്രുത ഉള്ളവരെയും വ്യാജ അച്ചടക്ക നടപടികളും മറ്റും ചൂണ്ടിക്കാട്ടി ദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ഈ അവസരം ഉപയോഗിച്ചിട്ടുണ്ട്. വടക്കേ ജില്ലയിൽ നിന്ന് തെക്കൻ ജില്ലയിലേക്ക് ജീവനക്കാരെ മാറ്റിയത് പ്രതികാര നടപടിയുടെ ഒരു ഉദാഹരണമാണ്. മുൻപ് ഷറഫ് മുഹമ്മദ് എക്ലിക്യൂട്ടിവ് ഡയറക്ടർ ആയിരുന്നപ്പോൾ വ്യാജ റിപ്പോർട്ടുകളുടെ ചുവട് പിടിച്ച് അഞ്ഞൂറോളം സസ്പെൻഷൻ നടത്തിയിരുന്നു. പലരും കോടതിയെ സമീപിക്കുമ്പോഴാണ് വ്യാജമായി ചമച്ച റിപ്പോർട്ടുകളാണ് അച്ചടക്ക നടപടികൾക്ക് ഉപയോഗിക്കുന്നത് എന്ന് കണ്ടുപിടിക്കുന്നത്.

ജീവനക്കാർക്കുള്ള ഈ ജനറൽ ട്രാൻസ്ഫറിൽ വിവേചനവും, സ്വജനപക്ഷപാതവും ഉണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. ഇത് ഡ്രാഫ്റ്റ് മെമ്മോറാണ്ടമായതിനാൽ പരാതികൾ പരിഹരിക്കുവാനുള്ള സമയം ഉള്ളത് ജീവനക്കാർക്ക് ചെറിയ ആശ്വാസമുണ്ടാക്കുന്നു. എങ്കിലും ജീവനക്കാരുടെ പരാതികൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് യാതൊരുറപ്പും ഇല്ല. മൂക്കിന് താഴെയുള്ള ഡിപ്പോയിൽ നിന്ന് പുറത്ത് പോകാതെ നിർബന്ധിത സേവനം പൂർത്തിയാക്കാത്തവർ ഇടത് യൂണിയനിൽ സ്വാധീനം ചെലുത്തി തൊട്ടടുത്ത ജില്ലകളിലേക്ക് മാറ്റം വാങ്ങി തലയൂരി നിൽക്കുമ്പോൾ ചിലരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ വേണ്ടി ചോദിക്കാനും പറയാനും ഇല്ലാത്ത ജീവനക്കാരനെ ജീവിക്കാൻ പോലും സമ്മതിക്കാത്ത തരത്തിൽ ദൂര ഡിപ്പോകളിലേക്ക് ട്രാൻസ്ഫർ ചെയ്ത നടപടികൾ മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ അറിവോടെയാണോ എന്നൊരു സംശയം നിലനിൽക്കുന്നു.

അതിനിടെ ആശ്രിത നിയമനം ലഭിച്ചവരുടെ വിവരങ്ങളും ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. തുടങ്ങിയിട്ടുണ്ട്. മറ്റ് സർക്കാർ വകുപ്പുകളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സിയിൽ ഭൂരിപക്ഷം പേരും ആശ്രിത നിയമനം വഴി ജോലിക്ക് കയറിയിട്ടുള്ളവരാണ്. മറ്റ് സർക്കാർ ഓഫീസുകളിൽ ആശ്രിത നിയമനം നിശ്ചിത ശതമാനം മാത്രമായി നിയമം മൂലം നിജപ്പെടുത്തിയിരിക്കെ കെ.എസ്.ആർ.ടി.സിയിൽ ഈ നിയമം നടപ്പിലായിട്ടില്ല. മിനിസ്റ്റീരിയൽ വിഭാഗത്തിൽ ആശ്രിത നിയമനം വഴി ജോലിയിൽ കയറുന്നവർ ലഭിച്ചിരിക്കുന്ന ജോലി പി.എസ്.സി തസ്തിക ആണെന്ന് അറിയാമെന്നും, ഈ തസ്തികയിൽ പി.എസ്.സി വഴി നിയമനം നടന്നാൽ കോർപ്പറേഷൻ അനുശാസിക്കുന്ന മറ്റു ജോലിയിലേക്ക് മാറിക്കൊള്ളാമെന്നും മുദ്ര പേപ്പറിൽ ഒപ്പിട്ടു കൊടുത്തിട്ടുള്ളതാണ്. മാനേജിംഗ് ഡയറക്ടർ ഈ കാര്യത്തിൽ എന്തു ചെയ്യണമെന്ന് ചോദിച്ചു കൊണ്ട് സർക്കാരിലേക്ക് കത്തു നൽകിയിരിന്നുവെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. ഇതിൽ വ്യക്തമായ നിർദ്ധേശം ലഭിച്ചാൽ ആശ്രിത നിയമനക്കാരെ കണ്ടക്ടർമാരും, ഡ്രൈവർമാരും, ആക്കി മാറ്റി ഓപ്പറേറ്റിഗ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കഴിയും.

Latest
Widgets Magazine