
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ.പി.സി.സി നേതൃത്വത്തെ വിമര്‍ശിച്ച് കെ. എസ്.യു കൂട്ടായ്മ യോഗം. തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ വിവിധ ജില്ലകളില്‍നിന്നുള്ള മുപ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയെന്ന സവര്‍ണ്ണ ശ്രമത്തിനു കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ യോഗം കൂറ്റപ്പെടുത്തി. ഇത് ഇത് കോണ്‍ഗ്രസിന്റെ ചരിത്രത്തെയും രാഷ്ട്രിയ ബോധ്യങ്ങളെയും നിഷേധിക്കലാണെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു വന്നു. കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു കെ.എസ്.യുവിന്റെ വിമര്‍ശനം ഉയര്‍ന്നുവന്നത്.
ശബരിമലയില്‍ ആചാരപരമായി അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബങ്ങളുടെ അവകാശത്തെ സംബന്ധിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയില്‍ ചോരവീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്നും കൂട്ടായ്മ ചോദ്യം ചെയ്തു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുവരെ മേല്‍ശാന്തിമാരായി നിയമിക്കാന്‍ ഉള്ള തീരുമാനത്തെ പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. അതിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ലമെന്ററി മോഹങ്ങള്‍ ബാധിച്ച് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലച്ചോര്‍ മന്ദിച്ച് പോയിരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പോയിട്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സംഘടനാ ശേഷി തന്നെ നഷ്ടപ്പെട്ട് പോയിരിക്കുന്നു.
സീറ്റ് ചര്‍ച്ചകളില്‍ മാത്രം അഭിപ്രായം പറയുന്ന, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് കുറ്റകരമായി കരുതുന്നവരുടെ കൂട്ടമായി വിദ്യാര്‍ത്ഥി യുവജന നേതൃത്വം മാറിയെന്നും യോഗം അഭിപ്രായപ്പെട്ടു. ദൂരവ്യാപകമായി സംഘപരിവാര്‍ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും കൂട്ടായ്മ യോഗത്തില്‍ ധാരണയായി. അനൂപ് മോഹന്‍, ഗംഗാ ശങ്കര്‍ പ്രകാശ്, ഷമീം ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നത്.