കെടി ജലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും സംഘർഷം.’യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഖുർആൻ വിരുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണൻ

കൊച്ചി:കെടി ജലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചത്.കാസർഗോഡ് യുവമോർച്ചയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോട്ടയത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർത്തിൽ നിരവധി പ്രവർത്തർക്ക് പരിക്കേറ്റു.

മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഘർത്തെ തുടർന്ന് കോട്ടപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ഗതാഗതം സ്തംഭിച്ചു. റോഡിൽ നിലയുറപ്പിച്ച പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഖുർആൻവിരുദ്ധ ആർഎസ്എസ് പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് തീ പകരുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഖുർആനോട് ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിംലീഗിനും കോൺഗ്രസിനും എന്തിനാണെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി ചോദിക്കുന്നു. പുണ്യഗ്രന്ഥമായി വിശ്വാസികൾ കരുതുന്ന ഖുർആനെപ്പോലും രാഷ്ട്രീയ കള്ളക്കളിക്കുള്ള ആയുധമാക്കുകയാണെന്നും’അവഹേളനം ഖർആനോടോ?’ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിൽ കോടിയേരി പറയുന്നു.

‘ഖുർആൻ ഒരു നിരോധിത മതഗ്രന്ഥമാണോ? ഇന്ത്യയിൽ മോദി ഭരണമുള്ളതുകൊണ്ട് റമദാൻ കിറ്റും ഖുർആൻ വിതരണവും രാജ്യദ്രോഹമാണെന്ന് സർക്കാർ കൽപ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്ലിങ്ങൾ വിശുദ്ധഗ്രന്ഥമായി കാണുന്ന ഖുർആനോട് ആർഎസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്. മുസ്ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉൻമൂലനം ചെയ്യാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ഈ ഹിന്ദുത്വ നയത്തിനൊത്ത് പ്രവർത്തിക്കുന്നതാണ് മോദി സർക്കാർ. അതുകൊണ്ടുതന്നെ ആ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോഡി സർക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്.’ – കോടിയേരി ചൂണ്ടിക്കാട്ടുന്നു.

എൽഡിഎഫ് സർക്കാരിന് വർധിച്ച ജനപിന്തുണയുണ്ടായതിനാൽ തുടർഭരണമുണ്ടാകുമെന്ന തിരിച്ചറിവ് ശത്രുപക്ഷത്തിനുണ്ടായെന്നും അതിനാൽ ജനമനസ്സ് മാറ്റാനുള്ള ഭ്രാന്തമായ പ്രതിപക്ഷ മാധ്യമ ഇളകിയാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തുന്നു. ‘മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന 100 പദ്ധതിക്ക് ബദലായി നൂറുദിന അക്രമവും കള്ളക്കഥകളുമാണ് കോൺഗ്രസ്-ബിജെപി- മുസ്ലിംലീഗ് പ്രതിപക്ഷം പയറ്റുന്നത്. ഈ വലതുപക്ഷ അവസരവാദ രാഷ്ട്രീയക്കാരുടെ മേച്ചിൽപ്പുറങ്ങളായി ടിവി സ്ക്രീനും പത്രത്താളുകളും ‘മാ’ മാധ്യമങ്ങളുടെ നേതൃത്വത്തിൽ പാട്ടത്തിന് കൊടുത്തിരിക്കുന്നു. ഇതിലൂടെ വികസനം തടയുക, നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കുക, ക്രമസമാധാനം തകർക്കുക എന്നതെല്ലാമാണ് നടപ്പാക്കുന്നത്. ഇതിലൂടെ എൽഡിഎഫ് സർക്കാരിന്റെ സൽപ്പേര് കോവിഡ് കാലത്ത് ഇല്ലാതാക്കാമെന്ന പ്രതിപക്ഷത്തിന്റെയും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളുടെയും മോഹം കല്ലിലടിച്ച പൂക്കുലപോലെ ചിതറും. അത് ബോധ്യപ്പെടാൻ അധികകാലം വേണ്ടിവരില്ല.’- ലേഖനത്തിൽ പറയുന്നു.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സമരാഭാസമാണ്. അധികാരമോഹത്താൽ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സിപിഐ എം ആണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാൻ മുസ്ലിംലീഗ് തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണ് ഇത്. കെ ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടത്തുന്ന ഖുർആൻവിരുദ്ധ യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നത് നിസ്തർക്കം.

Top