കുമ്മനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പുതിയ സംസ്ഥാനപ്രസിഡന്റായി കുമ്മനം രാജശേഖരനെ നിയമിക്കാന്‍ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വിവരം പിന്നീട് പ്രഖ്യാപിക്കും.  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കുമ്മനം.കുമ്മനം രാജശേഖരനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വം ധാരണയിലെത്തിയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലേക്ക് കുമ്മനവും ക്ഷണിതാവായിരുന്നു. ഇതോടെ കുമ്മനത്തിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന സംശയം ബലപ്പെട്ടു. ഈ സ്ഥാനത്തേക്ക് ഡോ.ബാലശങ്കറിനേയും പരിഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.
കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാം ലാലിന്റെയും പിന്നീട് അമിത് ഷായുടെയും നേതൃത്വത്തില്‍ നടന്ന യോഗങ്ങളില്‍ കുമ്മനം ക്ഷണിതാവായി പങ്കെടുത്തിരുന്നു. ആര്‍.എസ്.എസ് പ്രചാരക് ആയ കുമ്മനത്തിന്റെ പ്രവര്‍ത്തന മണ്ഡലം ഇനി ബി.ജെ.പി ആയിരിക്കും എന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പദവി എന്തായിരിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയില്ല.പിന്നീട് ചേര്‍ന്ന സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലും കുമ്മനം പങ്കെടുത്തു. പാര്‍ട്ടിയുടെ പ്രസിദ്ധീകരണവിഭാഗത്തിന്റെ ചുമതലയുള്ള ബാലശങ്കറിന്റെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നെങ്കിലും സംസ്ഥാന ആര്‍.എസ്.എസ് ഘടകം നിര്‍ദ്ദേശിച്ച കുമ്മനത്തിനാണ് യോഗത്തിന്റെ പിന്തുണ ലഭിച്ചത്.
ബാലശങ്കര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വി. മുരളീധരനെ നിയമസഭാ തിരഞ്ഞെടുപ്പു വരെ നിലനിറുത്തണമെന്ന നിര്‍ദ്ദേശവുമുണ്ട്. അക്കാര്യത്തില്‍ അമിത് ഷാ തീരുമാനമെടുക്കുന്നതു വരെ കുമ്മനത്തിന്റെ പ്രഖ്യാപനം നീളും. കുമ്മനം പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായാല്‍ മുരളീധരനെ നല്ല പദവി നല്‍കി കേന്ദ്രത്തിലേക്ക് മടക്കി കൊണ്ടു പോകും.
എന്‍.ഡി.എ കേരളത്തില്‍ നിര്‍ണായക ശക്തിയായി മാറിയെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള സെക്രട്ടറി എച്ച്. രാജ പറഞ്ഞു. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തി.മുരളീധരന്റെ പിന്‍ഗാമി ആരായിരിക്കും എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെല്ലാം അമിത് ഷാ പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി. മുരളീധരന്‍ നിയമസഭാ തിരഞ്ഞെടുപ്പുവരെ തുടരാനുള്ള സാദ്ധ്യതകളെപ്പറ്റി ആരാഞ്ഞപ്പോള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിച്ച മുരളീധരന്‍ പാര്‍ട്ടിയുടെ ദളപതി ആണെന്ന് രാജ പറഞ്ഞു. മുരളീധരന്റെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് തുടര്‍ന്നും ആവശ്യമാണ്.
വി. മുരളീധരന്‍, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, കെ.പി. ശ്രീശന്‍, എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, പി.എസ്. ശ്രീധരന്‍പിള്ള, ഉമാകാന്തന്‍, സുഭാഷ് എന്നിവരാണ് കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്തത്.കേരളത്തിലെ പ്രതിനിധികള്‍ പങ്കെടുത്ത കോര്‍ കമ്മിറ്റിയോഗത്തില്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.

Top