കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലേക്ക് ഒമിക്രോൺ എത്തിയതോടെ ജാഗ്രത ശക്തമാക്കി കുവൈറ്റ്. നിലവിൽ കുവൈറ്റിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. ജിസിസി കൂട്ടായ്മയിലെ മറ്റു രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യങ്ങളും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും സൈനിക ക്യാമ്പ് സന്ദർശിച്ച ശേഷം പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസബാഹ് വ്യക്തമാക്കി.
സൗദി, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈറ്റ് ജാഗ്രത ശക്തമാക്കിയത്.ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാചരിത്രം കര്‍ശനമായി പരിശോധിക്കാൻ കുവൈറ്റ് വ്യോമയാന വകുപ്പിന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.