കേരള സംസ്ഥാന പത്രപ്രവർത്തക യൂണിയനിൽ ഭിന്നത രൂക്ഷമാകുന്നു.അഴിമതി വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയതിനാൽ സസ്പെൻഷൻ എന്ന് ജിനേഷ് പൂനത്ത്

കൊച്ചി:കേരള സംസ്ഥാന പത്രപ്രവർത്തക യൂണിയനിൽ ഭിന്നത രൂക്ഷമാകുന്നു.അഴിമതി വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടിയതിനാൽ സസ്പെൻഷൻ എന്ന് ജിനേഷ് പൂനത്ത് പറയുന്നു .സസ്പെൻഷൻ നടപടിക്കെതിരെ സംസ്ഥാന സമിതി അംഗം സംസ്ഥാന സമിതി അംഗങ്ങൾക്ക് കത്തെഴുതിയിരിക്കയാണ് . അഴിമതി വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടി അതുകൊണ്ടാണ് തനിക്കെതിരെ നടപടിയെടുത്തത് ജിനേഷ് പൂനത്ത്

എഴുതിയ കത്തിന്റെ പൂർണ്ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയ സംസ്ഥാന സമിതി അംഗങ്ങളെ; സഹപ്രവർത്തകരെ;

എതാനും യൂണിയൻ ഭാരവാഹികൾ ഗൂഗിൾ മീറ്റിൽ യോഗം ചേർന്ന് എന്റെ സംസ്ഥാന – ജില്ലാ കമ്മിറ്റികളിലെ യൂണിയൻ അംഗത്വം മരവിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ച് അയച്ച ജന. സെക്രട്ടറിയുടെ സർക്കുലർ നിങ്ങളെല്ലാവരും കണ്ടതാണല്ലോ. ഇപ്പോഴും ചുമതലകളിൽ നിന്നുള്ള മരവിപ്പ് തുടരുകയാണ്. എനിക്കൊപ്പം മരവിപ്പ് വിധിക്കപ്പെട്ട തൃശൂർ ജില്ലാ ഘടകം ട്രഷറർ ശ്രീ. കെ.ജയേഷിനേയും എന്നെയും ജില്ലാ കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ സാഹചര്യം തുടരുകയുമാണ്. ട്രഷററെ മാറിനിർത്തി ജില്ലാ നേതൃത്വം തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം എനിക്ക് വോട്ട് ശേഖരിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ച ഒരു ചാനൽ പ്രവർത്തകയുടെ ആശുപത്രി വിഷയത്തിലുള്ള ലീവ് അപേക്ഷ സ്ഥാപനം സ്വീകരിക്കാത്ത സാഹചര്യത്തിൽ എനിക്ക് ഇടപെടേണ്ടി വന്നിരുന്നു. ”താങ്കൾ മരവിപ്പിക്കപ്പെട്ട സംസ്ഥാന സമിതി അംഗമല്ലെ; അപ്പോഴെങ്ങിനെ യൂണിയൻ്റെ ചുമതലയിൽ നിന്ന് ഇടപെടാൻ സാധിക്കു”മെന്ന മറുചോദ്യമാണ് സ്ഥാപന അധികൃതരിൽ നിന്ന് എനിക്ക് നേരിടേണ്ടി വന്നത്. പതിറ്റാണ്ടിലേറെ നീണ്ട യൂണിയൻ പ്രവർത്തന കാലയളവിനുള്ളിൽ ഇത്രയേറെ നാണക്കേട് എനിക്കുണ്ടായിട്ടില്ല. മനോവിഷമം നിറഞ്ഞ അന്ന് ഞാൻ ഈ ഗ്രൂപ്പിൽ ചില പ്രതികരണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

എൻ്റെ ചുമതലകൾ മരവിപ്പിക്കുകയെന്ന ശിക്ഷാവിധിയും എനിക്കെതിരായി കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് മറുപടി ആവശ്യപ്പെട്ടുമുള്ള ജന:സെക്രട്ടറിയുടെ രണ്ട് സർക്കുലറുകൾ ഒരേ സമയമാണ് ഇ-മെയിലിൽ ലഭിച്ചത്.

 

ആഗസ്റ്റ് 21ന് ചേർന്ന യുണിയൻ തൃശുർ ജില്ലാ കമ്മിറ്റിയുടെ യോഗത്തിൽ എന്റെ പെരുമാറ്റം സംബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് അതിന് കാരണമായി സർക്കുലറിൽ പറയുന്നത്. ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരവാഹികളുടെ യോഗം ചേർന്നതെന്നാണ് പ്രസ്തുത കത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയതും.

1. ആദ്യമേ പറയട്ടെ, ഞാൻ കൂടി അംഗമായ തൃശൂർ ജില്ലാ കമ്മിറ്റി അങ്ങനെ ഒരു പരാതി നൽകാൻ തീരീമാനിച്ചതായി അതിൽ ആദ്യന്തം പങ്കെടുത്ത എനിക്ക് അറിയില്ല. രണ്ടാമതായി, ജന:സെക്രട്ടറിയുടെ കത്തിൽ എനിക്കെതിരേ ആരോപിക്കുന്നത് പോലെയുള്ള ഒരു സംഭവവും അന്നത്തെ യോഗത്തിൽ നടന്നിട്ടില്ല. മൂന്നാമതും പരമപ്രധാനവുമായ കാര്യം, ഭാരവാഹികളുടെ യോഗം എന്ന ഒരു സംവിധാനത്തെക്കുറിച്ച് നമ്മുടെ സംഘടനയുടെ നടപടിക്രമങ്ങൾ എങ്ങനെയായിരിക്കണമെന്ന് മാർഗ്ഗനിർദ്ദേശം തരുന്ന സംഘടനാ ബൈലോ ആയ constitution of KUWJയിൽ ഒരിടത്തും കാണുന്നില്ല. പ്രസ്തുത ബൈലോയിൽ ഭാരവാഹികളുടെ ചുമതലകൾ വ്യക്തമാക്കുന്ന ക്ളോസ് 47 (functions of state office bearers)ലെ അഞ്ച് സബ് ക്ളോസുകളിൽ ഒന്നിലും ഭാരവാഹികളുടെ യോഗം, അതിൻ്റെ തീരുമാനം എന്നീ കാര്യങ്ങളെ കുറിച്ച് പരാമർശമേ ഇല്ല. ഈ സാഹചര്യത്തിൽ എനിക്കെതിരേ എടുത്ത നടപടി നിലനിൽക്കത്തതല്ലെന്നും നിയമപരമല്ലെന്നും സവിനയം, സാദരം, ഞാൻ ജന:സെക്രട്ടറിയേയും സംസ്ഥാന സമിതി അംഗങ്ങളായ നിങ്ങളേവരോടും പങ്കുവച്ചതുമാണ്. അതിനാൽ, ഈ യോഗത്തിെന്റെ അടിസ്ഥാനത്തിൽ എനിക്കെതിരേ കത്തിൽ പറയുന്ന ‘മരവിപ്പിക്കൽ’ നടപടി നിലനിൽക്കുന്നതല്ല എന്ന് ഉണർത്തിയെങ്കിലും നേതൃത്വം തീരുമാനം തിരുത്താൻ കൂട്ടാക്കാതെ നീതികേട് തുടരുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ വേദനാജനകമായ എൻ്റെ മാനസികാവസ്ഥ, യുനിയനിൽ നേതൃത്വപരമായ പങ്കുവഹിക്കുന്നവർ എന്ന നിലയിൽ മാത്രമല്ല, അനുഭവസമ്പന്നനായ മാധ്യമ പ്രവർത്തകർ എന്ന നിലയിലും നിങ്ങളേവർക്കും മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും എനിക്കുറപ്പുണ്ട്.

3. എന്റെ അംഗത്വവും പദവിയും മരവിപ്പിക്കാൻ ജന:സെക്രട്ടറി മെയിൽ വഴി കൈമാറിയ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തം. കാരണം, അതിന് ആധാരമായി പറയുന്ന പരാതിയുടെ പകർപ്പ് എനിക്ക് നൽകാൻ ജന:സെക്രട്ടറിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പരാതിയുടെ പകർപ്പ് ആക്ഷേപ വിധേയന് നൽകുക സംഘടനാരീതിയാണ് എന്ന് അറിയാത്തവർ, പരിചയസമ്പന്നരായ നേതൃത്വനിരയിൽ ആരുമുണ്ടാകാനും ഇടയില്ല. അതായത്, അങ്ങിനെയൊരു പരാതി ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും എനിക്ക് ജന:സെക്രട്ടറി ലഭ്യമാക്കിയേനെ. ഈ സാഹചര്യത്തിൽ ഏതോ സമ്മർദ്ദത്തിന് വിധേയനായാണ് ഈ നടപടി നേതൃത്വം സ്വീകരിച്ചതെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താവില്ല. പരാതിയെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, ആരോ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ എനിക്കെതിരേ ഉന്നയിച്ച ഒരു കെട്ട് ആരോപണങ്ങൾക്ക് ഞാൻ മറുപടി നൽകേണ്ട സങ്കീർണ സാഹചര്യം എന്നെയേറെ വിഷമിപ്പിക്കുകയും ചെയ്തു.

4. തെറ്റിദ്ധാരണ മൂലമാണെങ്കിലും എൻ്റെ അംഗത്വവും പദവിയും മരവിപ്പിച്ചത് അച്ചടക്ക നടപടിയാണ് എന്ന് കരുതിയാൽ തെറ്റാവില്ലല്ലോ. ഭാരവാഹികളുടെ യോഗം പോലെ ഇതും ബൈലോയിൽ പറയാത്തതും ഇതുവരെ കേട്ടിട്ടില്ലാത്തതുമായ ഒരു നടപടിയാണ്. പുറത്താക്കുക എന്നൊക്കെയല്ലാതെ അംഗത്വം മരവിപ്പിക്കുക എങ്ങനെയാണ് എന്ന സംശയമുണ്ട്. അച്ചടക്ക ലംഘനം നടത്തുന്ന അംഗത്തിനെതിരേ നടപടി എടുക്കാനുള്ള വ്യവസ്ഥകൾ ബൈലോ വ്യക്തമാക്കുന്നുണ്ട്. അത് പ്രകാരമുള്ളതൊന്നും ഇത് അച്ചടക്ക നടപടിയാണെങ്കിൽ സ്വീകരിച്ചിട്ടില്ല. ആ നിലക്കും ഇത് നിലനിൽക്കുന്നതല്ല എന്നും സംഘടനാവിരുദ്ധമാണെന്നും സവിനയം അറിയിച്ചിട്ടും നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമില്ല.

5. ഈ സാഹചര്യത്തിൽ ജന:സെക്രട്ടറി നിർദ്ദേശിച്ചത് പോലെ ഒരു വിശദീകരണം നൽകാനുള്ള സാങ്കേതികവും നിയമപരവുമായ ബുദ്ധിമുട്ട് ഞാനേറെ അനുഭവിച്ചതാണ്. കാരണം, ബൈലോയിൽ അനുശാസിക്കുന്നതനുസരിച്ചുള്ള നടപടിക്രമങ്ങൾ ഒന്നും കത്തിൽ പാലിക്കപ്പെട്ടിട്ടിരുന്നില്ല.

എങ്കിലും, ജനറൽ സെക്രട്ടറി നൽകുന്ന ഒരു കത്തിന് മറുപടി നൽകേണ്ടത് അച്ചടക്കമുള്ള സംഘടനാപ്രവർത്തകന്റെ ചുമതലയായതിനാലും വ്യക്തിപരമായി എന്നെ അറിയാവുന്ന അദ്ദേഹം, ഏതോ തൽപരകക്ഷികൾ പറഞ്ഞതുകേട്ട് എനിക്കെതിരേ അവിശ്വസനിയമായ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സ്ഥിതിക്ക് ആഗസ്റ്റ 21ലെ യോഗത്തിൽ നടന്നതെന്തെന്ന് അറിയിക്കേണ്ടത് ആവശ്യമാണെന്ന് കരുതിയതിനാലാണ് ഞാൻ, സത്യസന്ധവും സമഗ്രവുമായി മറുപടി നൽകിയത്. പക്ഷേ; പ്രതികരണം ഒന്നുമുണ്ടായില്ല.

പ്രിയ അംഗങ്ങളെ;

സംസ്ഥാന സമ്മേളനത്തിൻ്റെ വരവ് – ചെലവ് കണക്കവതരണമടക്കമുള്ള വിഷയങ്ങളാണ് ഞാൻ മാസങ്ങളായി ഉന്നയിക്കുന്നത്. അതിൽ അസഹിഷ്ണുത പൂണ്ടവരുടെ അടിസ്ഥാന രഹിത ആരോപണങ്ങൾ മുൻനിർത്തിയാണ് എൻ്റെ വാദം കേൾക്കാതെ ശിക്ഷാ നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗമെന്ന എൻ്റെ ചുമതലയാണ് മരവിപ്പിച്ചത്. അത് നിസാരമായി കാണാൻ എനിക്കാവില്ല.
അതായത്, ഇത് തൃശൂർ പ്രസ് ക്ലബ്ബിനെ മാത്രം ബാധിക്കുന്ന പ്രാദേശിക വിഷയമല്ല. യൂണിയനെ മൊത്തമായി ബാധിക്കുന്ന, സംസ്ഥാന സമ്മേളന കണക്കവതരണവുമായി ബന്ധപ്പെട്ട വിഷയമാണ്. സംസ്ഥാന സമിതി അംഗത്തിൻ്റെ അവകാശത്തെ ഹനിക്കുന്ന ഭരണഘടനാവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട വിഷയമാണ്…

ഈ സാഹചര്യത്തിൽ എത്രയും വേഗം സംസ്ഥാന സമിതി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാൻ നടപടിയുണ്ടാകണമെന്ന് ജന:സെക്രട്ടറിയോട് വിനയപൂർവ്വം ആവശ്യപ്പെടുന്നു. ഒന്നിച്ചിരിക്കാൻ ബുദ്ധിമുട്ട് തുടരുന്നുണ്ടെങ്കിൽ ‘സൂം ‘ പ്ലാറ്റ്ഫോം അടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തിയാണെങ്കിലും, എത്രയും വേഗം സംസ്ഥാന സമിതി യോഗം ചേരാനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയോടെ;

അഭിവാദ്യങ്ങളോടെ;
ജിനേഷ് പൂനത്ത്

Top