മോദി മികച്ച ഭരണാധികാരിയെന്ന് കെ.വി തോമസ് എംപി; പുകഴ്ത്തല്‍ വിവാദത്തിലേക്ക്

കൊച്ചി: മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്രമന്ത്രിയും ലോക സഭാംഗവുമായ പ്രൊഫ. കെ.വി. തോമസ് രംഗത്ത്. തന്റെ തീരുമാനങ്ങളും നടപടികളും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന മികച്ച അഡ്മിനിസ്‌ട്രേറ്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ഇതു തനിക്കു പലപ്പോഴും നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു. കത്വ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാജ്യത്ത് കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയ്ക്കാണ് മോദി സര്‍ക്കാരിനെ പുകഴ്ത്തി കെവി തോമസ് രംഗത്തെത്തിയിരിക്കുന്നത്. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിദിന വാര്‍ഷിക ദേശീയ കണ്‍വെന്‍ഷന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടയ്ക്കാണ് മോദിയുടെ ഭരണത്തെക്കുറിച്ച് കെവി തോമസ് വിലയിരുത്തിയത്. ”നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍ തുടങ്ങിയവയിലൊക്കെ താന്‍ എടുത്ത നിലപാടിനെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ടെക്‌നിക്കാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുമ്പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു യാതൊരു കലാപവുമുണ്ടായില്ല.

ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. കോണ്‍ഗ്രസ് ബോഫോഴ്‌സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്‌നങ്ങളെ നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളെയും മോദി തന്റെ സവിശേഷമായ മാനേജ്‌മെന്റ് ടെക്‌നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ മാനേജ്‌മെന്റ് വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല.” കെവി തോമസ് പറഞ്ഞു. ദേശീയപാതാ വികസനം, ഗ്യാസ് പൈപ്പ് ലൈന്‍, മൊബൈല്‍ ടവറുകള്‍, കേബിളുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയില്‍ മലയാളികള്‍ ഇരട്ടത്താപ്പാണു കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ദേശീയപാതയ്ക്കു 35 മീറ്റര്‍ വീതി മതിയെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിവേദനം വായിച്ച് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എഴുന്നേറ്റു നിന്നു ചിരിച്ചുവെന്നു അദ്ദേഹം വെളിപ്പെടുത്തി. മറ്റു സംസ്ഥാനങ്ങള്‍ കൂടുതല്‍ വീതി ആവശ്യപ്പെട്ടു നിവേദനങ്ങളുമായി എത്തുന്നതിനിടെയാണു കേരളം വീതി വേണ്ടാ എന്ന ആവശ്യവുമായി വന്നത്. പൊതുവേ ചിരിക്കാത്ത മന്‍മോഹന്‍ സിങ്ങ് അതു വായിച്ചു ചിരിച്ചതിനു താനും സാക്ഷിയാണെന്ന് കെവി തോമസ് പറഞ്ഞു. പൊട്ടിത്തെറിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഗ്യാസ് സിലിന്‍ഡര്‍ വീട്ടില്‍ സൂക്ഷിച്ചതിനു ശേഷം ഗ്യാസ് പൈപ്പ് ലൈന്‍ വേണ്ടാ എന്നു പറയുന്നവരാണ് മലയാളികള്‍. മൊബൈല്‍ ഫോണില്ലാതെ ജീവിക്കാനാവില്ലെങ്കിലും മൊബൈല്‍ ടവറുകളെയും റോഡിലൂടെയുള്ള കേബിളുകളെയും എതിര്‍ക്കും. ജി5 സാങ്കേതികയിലേക്കു മാറാനുള്ള കേബിളുകളിടാന്‍ കേരളത്തില്‍ തടസങ്ങളേറെയാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തന്നോടു പറഞ്ഞു. കെ.വി. തോമസ് ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top