പ്രതികാര നടപടിയായി തൊഴിലാളി സ്ത്രീകളെ കല്യാണ്‍ സാരീസ് പിരിച്ചു വിട്ടു; പന്തല്‍ കെട്ടി ജീവനക്കാര്‍ സമരം ആരംഭിച്ചു; കരാറിലുള്ള ശമ്പളം നല്‍കുന്നില്ലെന്നും പരാതി

തൃശ്ശൂര്‍: കല്യാണ്‍ സാരീസില്‍ ജീവനക്കാര്‍ക്ക് നേരെ പ്രതികാര നടപടി. ആറ് സ്ത്രീ തൊഴിലാളികളെ പിരിച്ചു വിട്ടു. തൊഴിലാളികള്‍ ഷോറൂമിന് മുന്നില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചു. ഇരിക്കല്‍ സമരം നടത്തിയതിനെ തുടര്‍ന്ന് 2014 ഡിസംബറിലെ പിരിച്ചുവിടാനുള്ള ശ്രമം സമരം ചെയ്ത് തോല്‍പ്പിച്ച അതേ തൊഴിലാളികളാണ് ഇപ്പോള്‍ കല്ല്യാണിന്റെ പ്രതികാര നടപടിക്ക് പാത്രമായിരിക്കുന്നത്. ജോലിയില്‍ തിരിച്ചെടുക്കുന്നതിനായി സമരം ഏതറ്റം വരേയും കൊണ്ടുപോകാനും തങ്ങള്‍ക്ക് മടിയില്ലെന്ന് സമര നേതാവ് മായ പറഞ്ഞു.

കല്ല്യാണ്‍ സാരീസ് തൊഴിലാളികളുമായി ഉണ്ടാക്കിയ കാരാര്‍ ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങളെ പിരിച്ചുവിട്ടിരിക്കുന്നത്. മായ പറയുന്നു. ഇനി ജോലിയില്‍ തിരിച്ചെടുക്കുന്നതിന് ഏതറ്റം വരെയും സമരം ചെയ്യാന്‍ തയ്യാറായിട്ടാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആറു പേരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. സ്വാമിയുടെ കച്ചവടം പൂട്ടിക്കാനല്ല ഈ സമരം, ഞങ്ങള്‍ക്ക് ജീവിക്കാന്‍ വേണ്ടിയാണ്. 7200 സര്‍ക്കാര്‍ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരുന്ന സമയത്ത് കല്ല്യാണ്‍ തന്നിരുന്നത് 4500 രൂപയാണ്. സമരം ചെയ്താണ് അത് 7200 ആക്കിയത്. സര്‍ക്കാര്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളം ഞങ്ങളുടെ അവകാശം ആണ്. അത് ലഭിക്കാനായി നോട്ടീസ് കൊടുത്തു. അതുകൊണ്ടാണ് മുമ്പ് ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുകൊണ്ട് ഞങ്ങളെ പിരിച്ചുവിട്ടത് മായ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കല്ല്യാണ്‍ അടക്കമുള്ള മാനേജ്‌മെന്റ് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. വാര്‍ത്ത മാധ്യമങ്ങളും കല്ല്യാണിന്റെ പണക്കൊടുപ്പിന്റെ മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. നിരാഹാരം കിടക്കേണ്ടിവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ല. സമരത്തില്‍ ഏര്‍പ്പെട്ട തൊഴിലാളി അല്‍ഫോന്‍സ പറയുന്നു. 2014 ഡിസംബറിലാണ് 4500 രൂപ മാസവേതനത്തില്‍ ജോലിചെയ്ത് വരുന്ന 6 തൊഴിലാളികളെ വിവിധ സ്ഥലങ്ങളിലേക്ക് കല്ല്യാണ്‍് സില്‍ക്‌സ് മാനേജ്‌മെന്റ് സ്ഥലം മാറ്റിയത്. ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ ആറു തൊഴിലാളികള്‍ സമരം ആരംഭിച്ചു. നാല് മാസം നീണ്ട സമരത്തിന് ശേഷം ആറ് തൊഴിലാളികളും മാനേജ്‌മെന്റും തമ്മില്‍ കാരാര്‍ ഉണ്ടാക്കി. ചെറൂര്‍ ആരംഭിച്ച ഡിപ്പോയിലേക്ക് ഇവര്‍ക്ക് ജോലി നല്‍കി. ഏതെങ്കിലും കാരണവശാല്‍ ഡിപ്പോ പ്രവര്‍ത്തന രഹിതമായാല്‍ ആറ് തൊഴിലാളികളേയും തൃശ്ശൂര്‍ ഉള്ള യൂണിറ്റിലേക്ക് നിയമിക്കുമെന്നും കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു.

2017 മാര്‍ച്ച് മാസം പുതുക്കിയ അടിസ്ഥാന ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് കൊടുത്തു. ഏപ്രില്‍ മാസം 10 മുതല്‍ ജോലിക്ക് വരെണ്ടന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് കത്ത് നല്‍കിയത്. ഇതോടെയാണ് ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ എ.ഐ.ടി.യു.സി ഷോപ്പ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ സമരം ആരംഭിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സംഘടന സമര രംഗത്ത് ഉണ്ടാവുമെന്നും, വിഷയത്തില്‍ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സിഐടി.യു.സി സംസ്ഥാന സെക്രട്ടറി എ.എന്‍ രാജന്‍ വ്യക്തമാക്കി.

എഐടിയുസിയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. കല്ല്യാണ്‍ സാരീസിലെ സ്ത്രീ പീഡനം അവസാനിപ്പിച്ച് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചിരിക്കുന്ന സംഭവം സംസ്ഥാന വനിതാ കമ്മീഷന്‍ അന്വേഷിച്ച് തൊഴിലാളികളെ തൊഴിലില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. സംസ്ഥാന തൊഴില്‍ വകുപ്പും അന്വേഷമം നടത്തി സ്ത്രീകളോടുള്ള വഞ്ചനയും ചതിയും പീഡനവും പുറത്തുകൊണ്ടുവരണം. തൊഴിലാളികളുമായി ഒപ്പുവെച്ച കരാര്‍ മാറ്റിയെഴുതി തൊഴിലാളികളെ പിരിച്ചുവിടാന്‍ കോടതിയില്‍ കള്ളക്കരാര്‍ സമര്‍പ്പിച്ച തൊഴിലുടമക്കെതിരേ സര്‍ക്കാര്‍ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റേയും തൊഴില്‍ വകുപ്പിന്റെയും ശ്രദ്ധയില്‍ വിഷയം ഉന്നയിച്ചതായും നേതാക്കള്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പരാധീനകളാല്‍ ഡിപ്പോ നഷ്ടത്തിലാണെന്നും അതുകൊണ്ട് ഡിപ്പോ പൂട്ടുകയാണെന്നുമാണ് കല്ല്യാണ്‍ മാനേജുമെന്റിന്റെ വാദം. എന്നാല്‍ കല്ല്യാണ്‍ സാരീസിന്റെ മറ്റ് ഷോറൂമുകളിലേക്ക് ജീവനക്കാരെ ഷിഫ്റ്റ് ചെയ്യാമെന്നിരിക്കേ അതും ചെയ്തിട്ടില്ല. ഡിപ്പോ അടച്ചുപൂട്ടുകയാണെങ്കില്‍ നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍ അതും സ്ഥാപനമുടമ പാലിച്ചിട്ടില്ല. ലേബര്‍ വകുപ്പിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും കല്ല്യാണ്‍ സാരീസിന്റെ പ്രതിനിധികളാരും പങ്കെടുക്കാത്തതിനാല്‍ ചര്‍ച്ച നടന്നില്ലെന്നും എഐടിയുസി നേതാക്കള്‍ പറഞ്ഞു.

Top