കൂട്ടിക്കലിൽ കണ്ടെത്തിയ മൃതദേഹം അലന്റേത്; സ്ഥിരീകരണം.സംസ്‌കാരം ഏന്തയാർ പള്ളിയിൽ നടക്കും

കോട്ടയം: കോട്ടയം കൂട്ടിക്കലിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ അലന്റേതെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ മൃതദേഹം പതിമൂന്നിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടിയുടേതാണെന്ന് വ്യക്തമായി. ഇന്ന് അലന്റെ പതിനാലാം ജന്മദിനമാണ്. അവനിഷ്ടമുള്ള ബ്ലാക്ക് ഫോറസ്റ്റ് കേക്കും വാങ്ങി പുതിയ വീട്ടില്‍ ആഘോഷിക്കാനിരിക്കെയാണ്‌ മരണം.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നാളെ ഏന്തയാർ പള്ളിയിൽ നടക്കും.

ഇന്നലെ വൈകിട്ട് ആറോടെയാണ് കൂട്ടിക്കലിൽ നിന്ന് കുട്ടിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് അലന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് മൃതദേഹം അലന്റേതു തന്നെയാണെന്ന് വ്യക്തമായത്.

ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലന്റേതാണെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇത് അലന്റെ പ്രായമുള്ള ആളുടേതല്ലെന്ന് വ്യക്തമായി. ഇത് പിന്നീട് ബന്ധുക്കളും ശരിവച്ചിരുന്നു.കൂട്ടിക്കൽ ഉരുൾപൊട്ടലിൽ പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്.

Top