തിരുവനന്തപുരം: കേരള കോൺഗ്രസിനായി വിട്ടുവീഴ്ചയ്ക്കൊരുങ്ങി സിപിഐ. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് ഗ്രൂപ്പിന് വിട്ടു നൽകാനാണ് ധാരണ. എന്നാൽ പകരം സീറ്റ് കോട്ടയത്ത് തന്നെ വേണമെന്നാണ് സിപിഐയുടെ നിലപാട്. കൊല്ലത്തും അധിക സീറ്റ് സിപിഐ ആവശ്യപ്പെടും.കാഞ്ഞിരപ്പള്ളി സീറ്റിൽ ഒരു നീക്കുപോക്കുമില്ലെന്ന മുൻനിലപാടിൽ നിന്ന് പിൻമാറുകയാണ് സിപിഐ. കാഞ്ഞിരപ്പള്ളി ജോസ് ഗ്രൂപ്പിന് നൽകും. സിപിഎമ്മുമായി നടത്തിയ ചർച്ചയിലാണ് കാഞ്ഞിരപ്പള്ളി വിട്ടു നൽകാനുള്ള തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ കൂടെ നിർത്തിയത് മുന്നണിക്ക് ഗുണകരമായ സാഹചര്യത്തിലാണ് സിപിഐ വിട്ടുവീഴ്ചയ്ക്ക് തയാറായത്.
ഒപ്പം സിറ്റിംഗ് സീറ്റുകൾ അതതു പാർട്ടികൾക്കെന്ന മുന്നണിയുടെ പ്രഖ്യാപിത തീരുമാനവും. പക്ഷെ പകരം കോട്ടയത്ത് ഒരു സീറ്റ് ചോദിക്കും. പൂഞ്ഞാർ ലക്ഷ്യമിട്ടാണ് സിപിഐ നീക്കമെന്നാണ് സൂചന. ഇതിനു പുറമേ കൊല്ലത്തും ഒരു സീറ്റ് അധികം ചോദിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിഎംപിക്കു നൽകിയ ചവറ സിപിഎം ഏറ്റെടുക്കുമെന്നുറപ്പാണ്. അതിനാൽ അധിക സീറ്റ് കിട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് സിപിഐ . കോവൂർ കുഞ്ഞു മോനെ സിപിഐയിലേക്കു ക്ഷണിക്കുന്നതും ഇത് മുന്നിൽക്കണ്ടാണ്.
പാർട്ടി പിളർത്തേണ്ടി വന്നാലും ഇടതു മുന്നണിക്കൊപ്പം ഉറച്ചു നിൽക്കാൻ എൻ.സി.പിയിലെ എ.കെ ശശീന്ദ്രൻ വിഭാഗത്തിൻ്റെ തീരുമാനം. എൻ.സി.പി ഇടതു മുന്നണി വിടാൻ ആലോചിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രൻ വാർത്താ ലേഖകരോട് പറഞ്ഞു. ഇടതു മുന്നണിയെ ക്ഷീണിപ്പിക്കുന്ന നടപടി എൻ.സി.പിയുടെ ഭാഗത്തു നിന്നുണ്ടാകില്ല. മുന്നണി മാറ്റം ഒരു ഘട്ടത്തിലും ആലോചിട്ടില്ലന്നും ശശീന്ദ്രൻ പറഞ്ഞു.”പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല.
ജോസ് കെ മാണി വിഭാഗത്തിന് സീറ്റുകൾ ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. അതിനെ മാനിക്കേണ്ടതാണ്. എൻസിപിയുടെ നാല് സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകുന്നതിനോട് യോജിപ്പില്ല. കഴിയുമെങ്കിൽ ഒരു സീറ്റുകൂടി തരപ്പെടുത്തുകയാണ് ലക്ഷ്യം”- എ കെ ശശീന്ദ്രൻ പറഞ്ഞു.കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ടുകൊടുക്കുമോയെന്ന കാര്യം അറിയില്ല. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ട്. ചില വിട്ടുവീഴ്ച്ചകൾ വേണ്ടിവരുമെന്ന സൂചനയും ശശീന്ദ്രൻ നൽകുന്നുണ്ട്. പാലാ വിട്ടുനൽകേണ്ടി വന്നാലും മുന്നണി വിടില്ലെന്ന സൂചനയാണ് ശശീന്ദ്രൻ നൽകുന്നത്.