തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂർ പി.ലില്ലീസ്

തിരൂർ: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂർ എൽ.ഡി.എഫ് സ്ഥാനാർഥി ഗഫൂർ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം. 16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്നങ്ങൾ ഭൂരിഭാഗവും സ്ഥാനാർഥി നേരിട്ടു മനസ്സിലാക്കി.

തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങൾക്ക് കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി ലഭിച്ചത്. അതോടൊപ്പം പഞ്ചായത്തിൽ ഒരു സ്റ്റേഡിയമെന്ന ആവശ്യവും, ഇടുങ്ങിയ റോഡുകൾ മൂലം കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങളും നാട്ടുകാർ സ്ഥാനാർഥിയോട് പറഞ്ഞു.

അതോടൊപ്പം തന്നെ കൊടക്കൽ അഴികത്ത് കളം കോളനിയിലുള്ളവർക്കു പ്രദേശത്തു പുതിയ വീടുവെക്കാൻ അധികൃതർ അനുമതി നൽകുന്നില്ലെന്നും, നിലവിലുള്ള വീടുകളിൽ പലതിനും നികുതിയടക്കാൻ പോലും പറ്റാത്ത സാഹചര്യമുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

ഏതോകമ്പനിയുമായുള്ള എഗ്രിമെന്റിന്റെ പേരിൽ തങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്നും മൂൻ എം.എൽ.എ സി.മമ്മൂട്ടി ഇക്കാര്യങ്ങളിൽ മാറ്റംവരുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. തന്നെ വിജയിപ്പിച്ചാൽ മേൽപറഞ്ഞ കാര്യങ്ങൾക്കെല്ലാം കൃത്യമായ ഇടപെടൽ നടത്തി മാറ്റമുണ്ടാക്കുമെന്ന് ഗഫൂർ പി.ലില്ലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി.

ഇന്നലെ രാവിലെ ഒമ്പതിന് കാരത്തൂരിൽനിന്നും ആരംഭിച്ച പ്രചരണ പരിപാടിയിൽ 12.30ഓടെ കുന്നുംപുറത്ത് സമാപിച്ചു. പിന്നീട് രണ്ടുമണിക്ക് വലിയപറപ്പൂരിൽനിന്നും ആരംഭിച്ച് രാത്രി ഏഴിന് വൈരങ്കോട് സമാപിച്ചു

 

 

Top