വരത്തന്‍ കോടതിയിലേക്ക്…കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ്

കൊച്ചി: ഫഹദ് ഫാസില്‍ നായകനായ വരത്തന്‍ ഇപ്പോഴും തിയറ്ററില്‍ നിറഞ്ഞോടുകയാണ്. ഇതിനിടയിലാണ് കുടുംബത്തെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ്. എറണാകുളം തൃപ്പൂണിത്തുറയിലെ പാപ്പാളി കുടുംബമാണ് ചിത്രത്തില്‍ തങ്ങളെ മോശമാക്കി ചിത്രീകരിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകരായ രാജേഷ് കെ രാജു, രാകേഷ് വി.ആര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ പാപ്പാളി കുടുംബം പരാതിപ്പെട്ടിരിക്കുന്നത്.
ചിത്രത്തില്‍ പാപ്പാളി കുടുംബത്തെ നെഗറ്റീവായാണ് അവതരിപ്പിച്ചിരിക്കുന്നത്. വില്ലന്‍ കഥാപാത്രങ്ങളാണ് ഈ കുടുംബത്തിലുള്ളത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ തൃപ്പൂണിത്തുറ സ്വദേശി സുഹാസിന് പപ്പാളി കുടുംബത്തെ വ്യക്തമായി അറിയാമെന്നും ബോധപൂര്‍വം പേര് ഉപയോഗിച്ച് തങ്ങളെ സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. മാത്രവുമല്ല, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന പ്രസ്താവന സിനിമയില്‍ നല്‍കിയിട്ടില്ല എന്നും പരാതിയില്‍ കുടുംബം ആരോപിക്കുന്നുണ്ട്.
ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വരത്തന്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ കഥയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് പരാതിയുടെ അടിസ്ഥാനം.അണിയറയിലുള്ള എല്ലാവര്‍ക്കും കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് കോടതി കേസില്‍ വാദം കേള്‍ക്കുന്നത്. ഇപ്പോള്‍ ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുക എന്നാണ് പ്രധാന ആവശ്യം.

Top