ഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ നേതൃത്വത്തിന്റെ കൊട്ട്. പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്നും അതിന് വിശദീകരണം നല്‍കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ 24 യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് ഇത്തരത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ശരത്ത് അടക്കമുള്ളവര്‍ക്കാണ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.രവീന്ദ്രദാസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
മൂന്ന് ദിവസത്തിനകം മറുപടി നല്‍കിയിട്ടില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. യോഗങ്ങളില്‍ പങ്കെടുക്കാത്തതിന്റെ വിശദീകരണത്തിനൊപ്പം പ്രവര്‍ത്തന റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറിമാരായ ഷിര്‍സ് ഖാന്‍, അബ്ദുല്‍ യൂനുസ് അറഫാത്ത്, അരുണ്‍ ജോസഫ്, യു.കെ.അഭിലാഷ്, സജീഷ് ചന്ദ്രന്‍, സുനില്‍ ലാലൂര്‍, ജിതേഷ് സി.വി, പി.എസ്.സുധീര്‍, എസ്.ദിലീപ്, സിദ്ദീഖ് പന്താവൂര്‍, കരുണായി രാജന്‍, അനിത കുമാരി, ദീപക് ജോയ്, ഫൈസല്‍ അലി, സി.സി.സുനില്‍, നൗഷാദ് ബ്ലാത്തൂര്‍, ഇ.പി.രാജീവ്. ലോക്‌സഭാ മണ്ഡലം പ്രസിഡന്റുമാരായ യാസര്‍ പട്ടച്ചോല, ഷിജു ലൂയിസ് വെളിയത്ത്, പാളയം പ്രദീപ്, റിജില്‍ മാക്കുറ്റി, ജൈസല്‍ അത്തോളി, പി.കെ.രാഗേഷ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേതാക്കള്‍ക്ക് ദേശീയ നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കാര്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് സ്ഥിരീകരിച്ചു.