ഇഎസ് ബിജിമോള്‍ക്ക് വധഭീഷണി; സിപിഐ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ബിജിമോള്‍

Esbijimolmla

തൊടുപുഴ: തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നതായി പീരുമേട് എംഎല്‍എ ഇ.എസ്.ബിജിമോള്‍. സിപിഐയിലെ നേതാവാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ബിജിമോള്‍ പറയുന്നു. ആരാണ് തനിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നതെന്ന് തനിക്കറിയാം. നേതാവിന്റെ പേര് ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും ബിജിമോള്‍ പറയുന്നു.

വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിജിമോള്‍ പറയുന്നു. വധഭീഷണിയുള്ളതിനാല്‍ തിരഞ്ഞെടുപ്പു സമയത്തു താനും രണ്ടു മക്കളും ഭര്‍ത്താവും ഒരു വാഹനത്തില്‍ ഒരുമിച്ചു യാത്ര ചെയ്തില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണു കഴിച്ചത്. കൂടെയുള്ള മറ്റാരെങ്കിലും ഭക്ഷണം കഴിച്ച് ഉറപ്പാക്കിയ ശേഷമാണു താനും കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചത്. മരിച്ചാല്‍ അത് അപകടമരണമാണോ, സാധാരണ മരണമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കിയശേഷമേ മൃതദേഹം സംസ്‌കരിക്കാവൂവെന്നു ഡയറിയില്‍ കുറിച്ചിടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. ഏതു രീതിയിലാണ് അപായപ്പെടുത്താന്‍ ശ്രമിക്കുകയെന്നതിനെക്കുറിച്ചും ഭയപ്പെട്ടിരുന്നു. യാത്രചെയ്യേണ്ടി വന്ന സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരെ ഒപ്പം കൂട്ടിയിരുന്നു. പുറത്തുനിന്നു മാത്രമല്ല, ഉള്ളില്‍ നിന്നും ശത്രുക്കളുണ്ടായിരുന്നു. തന്നെ മാത്രമല്ല, മക്കളെക്കൂടിയാണു ചിലര്‍ ലക്ഷ്യമിട്ടതെന്നും ബിജിമോള്‍ പറയുന്നു.

തിരഞ്ഞെടുപ്പു സമയത്ത് എനിക്കെതിരെ പീരുമേട്ടില്‍ പ്രവര്‍ത്തിച്ചവരില്‍ സ്വന്തം പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ഒരു പാത്രത്തില്‍ കഴിച്ചുകൊണ്ടിരുന്നത്ര സ്വാതന്ത്ര്യമുള്ള ഒരാള്‍ ഏറ്റവും മോശമായ അപവാദ തിരക്കഥ തയാറാക്കി ഒരു മാസികയ്ക്കു നല്‍കി. അതു പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍ ഡിടിപി എടുത്തു കെട്ടുകെട്ടുകളാക്കി കടകളില്‍ എത്തിച്ചു വിതരണം ചെയ്തു. 4000 ഏക്കര്‍ മാന്തോപ്പിന്റെയും 2000 ഏക്കര്‍ തെങ്ങിന്‍തോപ്പിന്റെയും 3000 ഏക്കര്‍ പൂന്തോപ്പിന്റെയും 240 ഏക്കര്‍ കവുങ്ങിന്‍ തോപ്പിന്റെയും ഉടമയാണു താനെന്നായിരുന്നു പ്രധാന പ്രചാരണം. അനധികൃതമായി പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു.

തിരഞ്ഞെടുപ്പിനു ശേഷവും ജീവഭയത്തോടെയും മാനഹാനി പ്രതീക്ഷിച്ചുമാണു ജീവിക്കുന്നത്. അസമയങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കുകയാണു ചെയ്യുന്നതെന്നും ബിജിമോള്‍ പറയുന്നു.ആരോപണങ്ങള്‍ പാര്‍ട്ടി കമ്മിറ്റിയിലാണ് ഉന്നയിക്കേണ്ടതെന്നും പ്രസിദ്ധീകരണത്തിന് അഭിമുഖം നല്‍കിയ ബിജിമോളുടെ നടപടി തെറ്റാണെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍. ബിജിമോള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും സെക്രട്ടറി പറഞ്ഞു.

ബിജിമോളുടെ ആരോപണത്തെക്കുറിച്ചു പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്തു വരികയാണ്. ബിജിമോള്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്നതിനെക്കുറിച്ചു പാര്‍ട്ടി വിശദമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും ശിവരാമന്‍ പറഞ്ഞു.

Top