ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം. നവംബര്‍ 16ന് ബസ് യാത്ര ചെയ്യുന്നതിനിടെയാണ് താരത്തിന് നേരെ ലൈംഗികാതിക്രമം നടന്നത്. അതിക്രമത്തിന് പിന്നാലെ കേസെടുത്ത പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയുമാണ് അറസ്റ്റിലായത്.
ഇന്‍ഡോറില്‍ നിന്നും പൂനെയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഷൂട്ടറെ, കണ്ടക്ടര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചുവെന്നാണ് പരാതി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ശേഷം താരം ഭോപ്പാലില്‍ നിന്ന് ഇന്‍ഡോര്‍ വഴി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭോപ്പാലിനും ഇന്‍ഡോറിനും ഇടയില്‍ വെച്ചാണ് ഉപദ്രവം ഉണ്ടായതെന്നും താരം മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്‍ഡോറില്‍ എത്തിയ രണ്ട് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പട്ടാപ്പകല്‍ പിന്തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയെന്ന പരാതി നല്‍കിയിട്ട് കേവലം 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ അഖീല്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


