സീതാറാം യച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ മദ്യനയം: വി.എസ്.അച്യുതാനന്ദന്‍

തിരുവനന്തപുരം∙ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സുവ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവർജനം നടപ്പിലാക്കുകയും ആണ് ആ നയം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടച്ച ബാറുകൾ തുറക്കുകയില്ലെന്ന് വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം? – വിഎസ് ചോദിക്കുന്നു. ഫെയ്സ്ബുക്ക് വഴിയാണ് മദ്യനയത്തിലെ തന്റെ നിലപാട് വിഎസ് വ്യക്തമാക്കിയത്.

എല്‍ ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഒരു പുതിയ ബാറും തുറക്കുകയില്ല. നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ച് പണിയും. മദ്യത്തിന്റെ ഉപഭോഗം യഥാർത്ഥത്തിൽ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവർജ്ജനത്തിന് സഹായകമായ ഒരു സംസ്കാരം വളർത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയും ആണ് വേണ്ടത്. ഫലപ്രദമായി പുകവലിക്കെതിരെ അങ്ങനെയൊരു സംസ്കാരം വളർന്ന് വന്നിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചുള്ള നടപടിയായിരിക്കും എൽഡിഎഫ് അധികാരത്തിൽ വന്നാൽ എടുക്കുന്നത്.

യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അഭിപ്രായം അതേപടി അംഗീകരിക്കില്ലെന്ന സൂചന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. യച്ചൂരി പറഞ്ഞ കാര്യം അധികാരത്തിലേറുന്ന വേളയിൽ ആലോചിക്കും എന്നായിരുന്നു പ്രസ്താവന. എന്നാൽ ഇത് പിന്നീട് തിരുത്തുകയും ചെയ്തു. പാർട്ടി സെക്രട്ടറിയുടെ നിലപാടിനോടു വ്യത്യസ്ത സമീപനം ഇല്ലെന്നായിരുന്നു നിലപാട്.

വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

യച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ മദ്യനയം

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സുവ്യക്തമാണ്. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവർജ്ജനം നടപ്പിലാക്കുകയും ആണ് ആ നയം. സി.പി. ഐ. (എം) ജനറൽ സെക്രട്ടറി സ: സീതാറാം യച്ചൂരി അടച്ച ബാറുകൾ തുറക്കുകയില്ലെന്ന് വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇവിടെ എവിടെയാണ് ആശയക്കുഴപ്പം?
എന്നാൽ ഒരു ആശയക്കുഴപ്പവും ഇല്ലാത്ത കാര്യങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ് UDF ന്റെയും BJP യുടെയും പ്രധാന പരിപാടി.
UDF നേതാക്കളാകട്ടെ ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും മുയലിനോടെപ്പം ഓടുകയും ആണ്. ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ഭൂമി കച്ചവടത്തിന്റെ കാര്യം തന്നെ എടുക്കാം. ബാങ്കുകളിൽ നിന്ന് എണ്ണായിരം കോടിയിലധികം രൂപ അടിച്ചുമാറ്റി മോദി സർക്കാരിന്റെ ഒത്താശയോട് കൂടി നാട് വിട്ട മദ്യ മുതലാളിയാണ് വിജയ് മല്യ. ഇദ്ദേഹത്തിന്റെ കമ്പനിക്ക് ഡിസ്റ്റലറി സ്ഥാപിക്കാൻ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ചുളുവിലയ്ക്ക് സർക്കാരിന്റെ 20 ഏക്കർ ഭൂമി ഉമ്മൻ ചാണ്ടി സർക്കാർ കച്ചവടം ചെയ്തു. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇത് ചെയ്തത്. 10 കൊല്ലം കൊണ്ട് മദ്യനിരോധനം നടപ്പിലാക്കുമെന്ന് അവകാശപ്പെടുന്ന UDF സർക്കാർ അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മദ്യനയത്തിന്റെ ഭാഗമായി ഈ ഭൂമി തിരിച്ചെടുക്കേണ്ടതല്ലേ? കൂടുതൽ ഡിസ്റ്റലറികൾ തുടങ്ങിയാണോ മദ്യനിരോധനം നടപ്പിലാക്കേണ്ടത്?

ബാറുകൾ പൂട്ടിയെന്നാണ് ഉമ്മൻ ചാണ്ടിയും സുധീരനും അവകാശപ്പെടുന്നത്. ഒരു ബാറും പൂട്ടിയിട്ടില്ല. അവിടെയെല്ലാം വീര്യം കൂടിയ ബിയറും അതിനേക്കാൾ വീര്യം കൂടിയ വൈനും യഥേഷ്ടം വിൽക്കുന്നു. ഈ ബാറുകളിൽ വ്യാജമദ്യം വിൽക്കപ്പെടുന്നതായി ആക്ഷേപമുണ്ട്. മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഉപഭോഗം വർദ്ധിച്ച് വരുന്നതായി കണക്കുകളും പഠനങ്ങളും പറയുന്നു. വീടുകളും സ്വകാര്യ വാഹനങ്ങളും വരെ മിനി ബാറുകളായി പ്രവർത്തിക്കുന്നു. എന്നിട്ട് കേരളത്തിലെ ജനങ്ങളെല്ലാം മരമണ്ടന്മാരെന്ന മട്ടിലാണ് വി.എം. സുധീരനും ഉമ്മൻ ചാണ്ടിയും ബാറുകൾ പൂട്ടിയെന്നും മദ്യത്തിന്റെ ഉപഭോഗം കുറച്ചുവെന്നും പച്ചകള്ളം തട്ടിവിടുന്നത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി എന്ന പതിനായിരം പേർ മാത്രം പാർക്കുന്ന സ്ഥലത്ത് മൂന്ന് ബാറുകൾ ഒറ്റയടിക്ക് അനുവദിച്ചത്. പുതിയ ഫൈവ് സ്റ്റാർ ലൈസൻസിന് വേണ്ടി ബിനാമി പേരുകളിൽ ഇപ്പോഴത്തെ ബാറുകാർ വന്നാൽ അവർക്കും കിട്ടും UDF മദ്യ നയമനുസരിച്ച് ലൈസൻസ്!
എന്നാൽ LDF സർക്കാർ അധികാരത്തിൽ വന്നാൽ ഒരു പുതിയ ബാറും തുറക്കുകയില്ല. നിലവിലുള്ള മദ്യവിതരണ സമ്പ്രദായം അഴിച്ച് പണിയും. മദ്യത്തിന്റെ ഉപഭോഗം യഥാർത്ഥത്തിൽ കുറയ്ക്കുന്നതിനുള്ള അഴിച്ചുപണിയായിരിക്കും ഇത്. ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുകയല്ല വേണ്ടത്. മദ്യവർജ്ജനത്തിന് സഹായകമായ ഒരു സംസ്ക്കാരം വളർത്തിയെടുക്കുകയും അതിനുള്ള പ്രചാരവേല സംഘടിപ്പിക്കുകയും ആണ് വേണ്ടത്. ഫലപ്രദമായി പുകവലിക്കെതിരെ അങ്ങനെയൊരു സംസ്ക്കാരം വളർന്ന് വന്നിട്ടുണ്ട്. ഇതിന്റെ ചുവട്പിടിച്ചുള്ള നടപടിയായിരിക്കും LDF അധികാരത്തിൽ വന്നാൽ എടുക്കുന്നത്.

Top